ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.സൗരവ് ഗാംഗുലിക്കും എം.എസ്. ധോണിക്കും ശേഷം ചാമ്പ്യൻസ് ട്രോഫി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി 10 മാസത്തിനുള്ളിൽ ഇന്ത്യയെ രണ്ടാം ഐ.സി.സി കിരീടത്തിലേക്ക് നയിച്ചതിന് ശേഷമാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും 37 കാരനായ രോഹിതിന് വലിയ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ കിവീസിനെതിരെയുള്ള ഫൈനലിൽ ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തിന് അടിത്തറ പാകിയ മിന്നുന്ന അർദ്ധസെഞ്ച്വറി നേടിയതോടെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലിനായി അദ്ദേഹം തന്റെ ബാറ്റിംഗ് കരുതിവച്ചതായി തോന്നുന്നു.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 49 ഓവറിൽ 252 റൺസ് പിന്തുടരാൻ ഇന്ത്യയെ സഹായിച്ചതിന് 83 പന്തിൽ 76 റൺസ് നേടിയ രോഹിതിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു.ഇന്ത്യൻ ടീമംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിജയം ആഘോഷിച്ച ശേഷം, വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് രോഹിത് വിരാമമിട്ടു.
രോഹിത് എടുത്ത ഈ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്രാജ് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. വാസ്തവത്തിൽ, രോഹിത്തും വിരാട് കോഹ്ലിയും 2027 ലോകകപ്പ് വരെ ഏകദിന ക്രിക്കറ്റിൽ തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.“രോഹിത് ശർമ്മ വിരമിക്കുന്നില്ലെന്ന് പറഞ്ഞതാണ് ഏറ്റവും നല്ല കാര്യം. നന്നായി ചെയ്തു മകനേ. രോഹിത്തിനെയും വിരാടിനെയും ആർക്കും വിരമിപ്പിക്കാൻ കഴിയില്ല. 2027 ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം അവർ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കണം. ഇന്ത്യ വിജയിക്കുന്നതിന് മുമ്പ് ഞാൻ ഇത് പറഞ്ഞിരുന്നു,” യോഗ്രാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അടുത്ത ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും രോഹിതിന് 40 വയസ്സ് തികയും, കോഹ്ലിക്ക് 39 വയസ്സ് ആകും.രോഹിത് അധികം മുന്നോട്ട് ചിന്തിക്കുന്നില്ല, മറിച്ച് തന്റെ കളിയിലും മനസ്സിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.“ഇപ്പോൾ, കാര്യങ്ങൾ വരുന്നതുപോലെ ഞാൻ എടുക്കുന്നു. അധികം മുന്നോട്ട് ചിന്തിക്കുന്നത് എനിക്ക് ന്യായമല്ല. ഈ നിമിഷം, നന്നായി കളിക്കുന്നതിലും ശരിയായ മാനസികാവസ്ഥ നിലനിർത്തുന്നതിലുമാണ് എന്റെ ശ്രദ്ധ,” രോഹിത് ജിയോഹോട്ട്സ്റ്റാറിൽ പറഞ്ഞു.”2027 ലോകകപ്പിൽ കളിക്കുമോ ഇല്ലയോ എന്ന് പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ അർത്ഥമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.