ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ അൽ നാസർ ഡമാകിനെ 2 -0 ത്തിനു പരാജയപ്പെടുത്തി. വിജയത്തോടെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾ സജീവമാക്കാൻ അൽ നാസറിന് സാധിക്കുകയും ചെയ്തു.

2022-ൽ റിയാദിലെത്തിയതിന് ശേഷം പോർച്ചുഗീസ് താരത്തിന് ഇതുവരെ ഒരു പ്രധാന ട്രോഫി നേടാനായിട്ടില്ല. ലീഗ് ലീഡർമാരായ അൽ ഇത്തിഹാദിനെക്കാൾ അഞ്ച് പോയിൻ്റ് പിന്നിലായി അൽ നാസർ മൂന്നാമതാണ്.നിലവിലെ ചാമ്പ്യൻമാരായ അൽ ഹിലാലാണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിന്റെ ഇരു പകുതിയിലുമായാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്.

16-ാം മിനിറ്റിൽ അബ്ദുൽകാദർ ബെഡ്‌രനെയുടെ ഹാൻഡ് ബോളിൽ നിന്നും ലഭിച്ച പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അപകടകരമായ ടാക്ലിങ്ങിന് അബ്ദുൽകാദർ ബെഡ്‌രനെ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. 79 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ വിജയം ഉറപ്പിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയർ ഗോളുകൾ 915 ആയി ഉയർത്തി.ഈ സീസണിൽ റൊണാൾഡോയ്ക്ക് ഇപ്പോൾ ഒമ്പത് ലീഗ് ഗോളുകൾ ഉണ്ട്.ലോറൻ്റ് ബ്ലാങ്കിൻ്റെ അൽ-ഇത്തിഹാദ് ശനിയാഴ്ച അൽ-ഇത്തിഫാഖിനെ പരാജയപ്പെടുത്തിയാൽ അൽ നാസറിനെതിരെ എട്ട് പോയിൻ്റ് ലീഡ് പുനഃസ്ഥാപിക്കും.

Rate this post
Cristiano Ronaldo