സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും നേടി.
മത്സരത്തിന്റെ 21 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.അൽ-ഷബാബിൻ്റെ ഇയാഗോ സാൻ്റോസ് ബോക്സിനുള്ളിൽ ഷോട്ട് കൈകൊണ്ട് തടഞ്ഞതിനാണ് റഫരി പെനാൽറ്റി അനുവദിച്ചത്.റൊണാൾഡോയുടെ ക്ലബ്ബ് ഫുട്ബോളിലെ കരിയറിലെ 750-ാം ഗോളായിരുന്നു ഇത്.ഇതോടെ അദ്ദേഹത്തിൻ്റെ മൊത്തം ഗോൾ നേട്ടം 877 ആയി ഉയരുകയും ചെയ്തു. 1-0 ന് ലീഡ് നേടി ഹാഫ് ടൈമിലേക്ക് പോകുമെന്ന് അൽ നാസർ കരുതിയിരിക്കെ , ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലെ പ്രതിരോധ പിഴവ് അൽ ഷബാബിന് സമനില നേടാനുള്ള അവസരം നൽകി.
GOAL NUMBER 877 FOR THE GREATEST CRISTIANO RONALDO🐐pic.twitter.com/Nb3r2IovGk
— CristianoXtra (@CristianoXtra_) February 25, 2024
പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ കാർലോസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ അയ്‌മെറിക് ലാപോർട്ടെ വീഴ്ത്തിയതിന് റഫർ പെനാൽറ്റി വിധിച്ചു.ബെൽജിയൻ താരം യാനിക്ക് കരാസ്കോ പെനാൽറ്റി ഗോളാക്കി മാറ്റി അൽ ഷാബാബിനെ ഒപ്പമെത്തിച്ചു.രണ്ടാം പകുതി ആരംഭിച്ച് 61 സെക്കന്റിനുള്ളിൽ ടാലിസ്കയിലൂടെ അൽ നാസർ മുന്നിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അൽ ഷബാബ് 67 ആം മിനുട്ടിൽ കാർലോസ് നേടിയ ഗോളിലൂടെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് പോവും എന്ന് തോന്നിച്ച നിമിഷത്തിൽ അൽ നാസർ ഗോൾ നേടി.
86 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്കാ അൽ നാസറിന്റെ വിജയ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഷബാബ് താരം അബ്ദുല്ല റാദിഫ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഈ വിജയത്തോടെ അൽ നാസറിന് 21 മത്സരങ്ങളിൽ നിന്നും 52 പോയിന്റായി. ഒരു മത്സരം കളിച്ച അൽ ഹിലാൽ 56 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.