രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സിനദീൻ സിദാൻ. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൽ തുടക്കത്തിലും ലോക ഫുട്ബോൾ സിദാന്റെ കാൽചുവട്ടിലായിരുന്നു.
1989-ൽ ഫ്രഞ്ച് ക്ലബ്ബായ കാനിൽ നിന്നാണ് സിദാൻ തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഫ്രാൻസ് അണ്ടർ 21 ദേശീയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 1992-ൽ ഫ്രഞ്ച് പ്രൊഫഷണൽ ക്ലബ്ബായ ബോർഡോയിൽ ചേർന്നു. 1994-ൽ ഫ്രാൻസ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച സിദാൻ, ബോർഡോയ്ക്ക് വേണ്ടി 139 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടി. ഗോളുകൾ അടിച്ചും ഗോളുകൾ സൃഷ്ടിച്ചും കളി നിയന്ത്രിച്ചും ഫ്രാൻസിൽ സിദാൻ തന്റെ ഭരണം തുടങ്ങിയപ്പോൾ ലോക ഫുട്ബോളിന്റെ പല കോണുകളിലും സിദാൻ എന്ന പേര് മുഴങ്ങിക്കേട്ടു.
1996ൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് സിദാനെ സ്വന്തമാക്കി. യുവന്റസിനായി 5 വർഷത്തെ കരിയറിൽ 151 മത്സരങ്ങൾ കളിച്ച അദ്ദേഹം 24 ഗോളുകൾ നേടി. 1998-ൽ ഫ്രാൻസിനെ അവരുടെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചപ്പോൾ സിദാൻ ഫ്രഞ്ച് ഫുട്ബോളിലെ ചരിത്രപുരുഷനായി. 1998 ലോകകപ്പിന്റെ ഫൈനലിൽ കരുത്തരായ ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ അവരുടെ ഹീറോ സിദാന്റെ പേര് ഫ്രാൻസ് ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ പതിഞ്ഞു.
2001ൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിലെത്തിയ സിദാൻ 155 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസിനായി 108 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയതിന് ശേഷം 2006 ൽ സിദാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. വർഷങ്ങൾക്ക് ശേഷം, 2013 ൽ സിദാൻ മറ്റൊരു റോളിൽ (അസിസ്റ്റന്റ് കോച്ച്) റയൽ മാഡ്രിഡിൽ ചേർന്നു. പിന്നീട് 2016 ൽ റയൽ മാഡ്രിഡ് പരിശീലകനായി സിനദിൻ സിദാൻ ചരിത്രം ആവർത്തിച്ചു. മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് അവർക്കായി നേടിക്കൊടുത്തത്.
തന്റെ തിളങ്ങുന്ന കരിയറിനിടെ ക്ലബ്ബിനും രാജ്യത്തിനുമായി ബാലൺ ഡി ഓർ, ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സെരി എ എന്നിവ നേടിയ റയൽ മാഡ്രിഡ് മാനേജർ സിനെഡിൻ സിദാൻ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുന്നു. കളിച്ച കാലഘട്ടത്തിൽ സിദാൻ നേടിയ വിജയങ്ങൾ റയൽ മാഡ്രിഡിലെ മാനേജർ ജീവിതത്തിലും തുടർന്നപ്പോൾ സീനിയർ ടീമിനെ മാനേജുചെയ്തതിന്റെ മൂന്ന് വർഷത്തിനുള്ളിൽ സിദാൻ 11 ട്രോഫികൾ നേടി.