കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സഹൽ അബ്ദുൽ സമദിന്റെ തീരുമാനം ശെരിയാണോ ? |Sahal Abdul Samad

ആരാധകരുടെ പ്രിയ താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞിരിക്കുകയാണ്. അടുത്ത സീസണിൽ കൊൽക്കത്ത ക്ലബ് മോഹൻ ബഗാനു വേണ്ടിയാണ് താരം ബൂട്ട് ധരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

സഹലിന് പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കും. അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ കൊൽക്കത്ത ക്ലബ് സ്വന്തമാക്കുന്നത്. രണ്ട് കോടി രൂപയാണ് ഫുട്‌ബോൾ താരത്തിന്റെ വാർഷിക പ്രതിഫലം.താരത്തിന്റെ ക്ലബ് മാറ്റത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്. 2018 മുതൽ ടീമിനായി മിന്നുന്ന പ്രകടനമാണ് സഹൽ പുറത്തെടുത്തത്.ടീമിനായി 90 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും നേടി. 2021-2022 ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചതിൽ സഹലിന്റെ പങ്ക് നിർണായകമായിരുന്നു.

‘ ഒരായിരം നന്ദി “എന്ന തലക്കെട്ടോടെ സഹലിനോട് നന്ദി പറയുന്ന വീഡിയോ ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഹൽ ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഇന്ത്യ സാഫ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും നേടിയപ്പോൾ സഹൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിനായി ഒരു ഗോളും നേടി. അടുത്തിടെ ബാഡ്മിന്റൺ താരം റെസ ഫർഹത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.

‘ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ!’ ക്ലബിന്റെ ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’ സഹലിന് ആശംസകൾ അറിയിച്ചു.“ഞാൻ മോഹൻ ബഗാൻ ജേഴ്‌സി ധരിക്കുന്നതിൽ അഭിമാനിക്കുന്നു. പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ നിങ്ങൾ മറ്റൊരു തലത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നുവെന്ന് എന്റെ ജീവിതകാലം മുഴുവൻ ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, കൊൽക്കത്ത ഡെർബി പലപ്പോഴും എൽ ക്ലാസിക്കോയുടെ അതേ തലത്തിലാണ് കണക്കാക്കപ്പെടുന്നത്”തന്റെ നീക്കത്തിന് ശേഷം സഹൽ മോഹൻ ബഗാൻ എസ്ജി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹൽ പറഞ്ഞു.

”ഞങ്ങൾക്ക് രണ്ട് ലോകകപ്പ് കളിക്കാരുണ്ട്, യൂറോപ്പ ലീഗ് കളിച്ചവരും ഞാനും അവരോടൊപ്പം കളിക്കും. മൂന്ന് കപ്പ് നേടാൻ ഇന്ത്യയെ സഹായിച്ച ഇന്ത്യൻ ദേശീയ ടീമിലെ അഞ്ച് അംഗങ്ങൾ ടീമിലുമുണ്ട്. എന്നാൽ എന്റെ കരിയറിൽ ഒരിക്കലും ഐഎസ്എൽ കിരീടം നേടിയിട്ടില്ല. അതുകൊണ്ടാണ് ഈ ട്രോഫി നേടാൻ ഞാൻ മോഹൻ ബഗാനിൽ ഒപ്പിട്ടത്. മോഹൻ ബഗാൻ കൂടുതൽ മെച്ചപ്പെടുമെന്നും ഐഎസ്എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു” സഹൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹൽ അബ്ദുൾ സമദ്. സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു. ഇന്ത്യൻ ഓസിൽ എന്ന പേരിൽ അറിയപ്പെട്ട് പ്രശസ്തരായ ഫുട്ബോൾ പ്രതിഭകളിൽ പലരുടെയും പ്രശംസ പിടിച്ചുപറ്റിയ സഹൽ അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ ഒരു ലോകോത്തര താരമാക്കുന്നു.

ഇന്ത്യൻ ഫുട്ബോളിലെ പല താരങ്ങൾക്കും സ്വപ്നം കാണാൻ പറ്റാത്ത ഈ ഓൾ റൗണ്ട് എബിലിറ്റിയുള്ള താരം കൂടിയാണ് സഹൽ. ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ പാലമായാണ് താരം പ്രവർത്തിക്കുന്നത്.എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം. ഈ ചങ്കൂറ്റം തന്നെയാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതും.

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനൊപ്പം 2017 ൽ ആരംഭിച്ച സഹലിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടതില്ല.2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐ‌എസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി.കുറകാവോക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യ അണ്ടർ 23, കേരള അണ്ടർ 21, കേരള സന്തോഷ് ട്രോഫി ടീമുകളിൽ കളിച്ചിട്ടുണ്ട്.

ഐഎസ്എൽ എമർജിങ് പ്ലയർ ഓഫ് ദി സീസൺ, എഐഎഎഫ് എമർജിങ് പ്ലയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും ഇതിനകം ഈ 26 കാരനെ തേടിയെത്തിയിട്ടുണ്ട്. യുഎയിലെ അൽ ഐനിൽ ജനിച്ച സഹൽ 8ആം വയസ്സ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി.2010 ൽ പ്രൊഫഷണൽ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തോടെ യുഎയിലെ പ്രശസ്ത ഫുട്ബോൾ അക്കാഡമികളിൽ ഒന്നായ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു.ബിരുദ പഠനത്തിനായി കണ്ണൂരിലേക്കു തിരിച്ചു വന്ന സഹൽ എസ് ൻ കോളേജിൽ ചേരുകയും യൂണിവേഴ്സിറ്റി മത്സരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു.

ടീമിനൊപ്പം ആറു വർഷമായി തുടരുന്ന സഹൽ ക്ലബിന്റെ മുഖമായാണ് അറിയപ്പെടുന്നത്. എന്നാൽ തന്നെ സ്നേഹിച്ച ആരാധകർ തന്നെ ഭാവിയിൽ താരത്തെ തള്ളിപ്പറയുമെന്നും അത് ഏറ്റുവാങ്ങാൻ തയ്യാറെടുക്കണമെന്നുമാണ് ട്രാൻസ്‌ഫറിനു പിന്നാലെ താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിലെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ആരാധകരാണ് താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മോഹൻ ബഗാനിലേക്ക് ചേക്കേറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പറഞ്ഞ സഹലിനെതിരെ ആരാധകർ തിരിയില്ലെന്ന് പറയാൻ കഴിയില്ല.

Rate this post
kerala blastersSahal Abdul Samad