‘കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം എന്നും എന്റെ ഹൃദയത്തിൽ തന്നെയായിരിക്കും’ : സഹൽ അബ്‌ദുൾ സമദ്

സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കും വന്നിട്ടുണ്ട്. ഇതിനു പുറമെ നിശ്ചിത തുകയും കേരള ബ്ലാസ്റ്റേഴ്‌സിന് സഹൽ അബ്ദുൽ സമദിന്റെ വിട്ടു നൽകുന്നതിൽ നിന്നും ലഭിക്കും.

മൂന്ന് വർഷത്തെ കരാറിൽ ആവും സഹൽ ബഗാനുമായി ഒപ്പുവെക്കുക.കളിക്കാരനും ക്ലബും തമ്മിലുള്ള പരസ്പര ഉടമ്പടിക്ക് വിധേയമായി 2 വർഷം കൂടി നീട്ടാനുള്ള ഓപ്ഷനോടെയാണ് സഹൽ മോഹൻ ബഗാനിൽ എത്തുക. ടീമിനും ആരാധകർക്കും സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സഹൽ.“ഇത്രയും കാലം കളിച്ച ക്ലബ്ബ് വിടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഇതാണ് സത്യാവസ്ഥ. ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന സഹതാരങ്ങൾ പിന്നീട് സഹോദരങ്ങളായി മാറി. ക്ലബ്ബിലെ സ്റ്റാഫ് അംഗങ്ങൾ, ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌. ഇവരെല്ലാം ഞാൻ റിസർവ് ടീമിൽ ഉണ്ടായിരുന്ന കാലം മുതൽ എനിക്ക് പിന്തുണ നൽകുന്നവരാണ്. ഇനിയും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ഞാൻ എന്നും ഓർക്കും. ഇവരുടെയെല്ലാം സ്ഥാനം എന്നും എന്റെ ഹൃദയത്തിൽ തന്നെയായിരിക്കും.” സഹൽ പറഞ്ഞു.

” ഇത് ഫുട്ബോൾ ആണ് , അത് നമ്മളെ നയിക്കുന്ന പാതയിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു. ഞാനും അതെ വഴി പിന്തുടരുകയാണ” സഹൽ കൂട്ടിച്ചേർത്തു. മോഹൻ ബഗാനിലേക്ക് പോയതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിൽ ഒരാളായിരിക്കുകയാണ് സഹൽ അബ്ദുൾ സമദ്.ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ ഥാപ്പ, അൻവർ അലി, ഓസ്‌ട്രേലിയ ലോകകപ്പ് താരം ജേസൺ കമ്മിംഗ്‌സ്, അൽബേനിയ സ്‌ട്രൈക്കർ അർമാൻഡോ സാദികു എന്നിവർക്ക് ശേഷം ബഗാനായി സൈൻ ചെയ്യുന്ന അഞ്ചാമത്തെ താരമാണ് സഹൽ.

കേരള ടീമിനായി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 10 ഗോളുകൾ നേടിയിട്ടുണ്ട്.ദേശീയ ടീമിന്റെ അനിവാര്യ അംഗം കൂടിയായ സഹൽ ബ്ലൂ ടൈഗേഴ്സിനായി 25 മത്സരങ്ങൾ കളിക്കുകയും 3 ഗോളുകളും നേടിയിട്ടുണ്ട്. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കളിക്കാരിൽ ഒരാളാണ് സഹൽ.

Rate this post
kerala blasters