‘ആരാധകർ, ഉപഭോക്താക്കളല്ല; ഞങ്ങൾ ഈ ക്ലബ്ബിൻ്റെ ഹൃദയമിടിപ്പാണ്’ :കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മോശം പ്രകടനത്തിൽ ക്ഷുഭിതരായ അവരുടെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട, ക്ലബ് മാനേജ്‌മെൻ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.ഡിസംബർ 7 ന് ബെംഗളൂരു എഫ്‌സിയോട് 2-4 ന് തോറ്റ ബ്ലാസ്റ്റേഴ്‌സിൻ്റെ ആറ് മത്സരങ്ങളിലെ അഞ്ചാം തോൽവിയാണ് നേരിട്ടത്.

11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.ഒരു തരത്തിലും ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.”മഞ്ഞപ്പട ഈ സീസണിൽ ടിക്കറ്റ് എടുക്കില്ല,” ആരാധക സംഘം അറിയിച്ചു. “ഞങ്ങൾ ടീമിനുള്ള പിന്തുണ പിൻവലിക്കുന്നില്ല. ഈസ്റ്റ് ഗാലറിക്ക് ഞങ്ങളുടെ സാന്നിധ്യം ഉണ്ടാകും, പക്ഷേ മാനേജ്‌മെൻ്റിനെതിരെ സ്റ്റേഡിയത്തിനകത്തും പുറത്തും ഞങ്ങൾ പ്രതിഷേധിക്കും,” മഞ്ഞപ്പട കുറിച്ചു.ബെംഗളൂരുവിൽ, 0-2ന് പിന്നിലായ ശേഷം 2-2 എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് ആവേശകരമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ രണ്ടു ഗോളുകൾ കൂടി വഴങ്ങിയതോടെ പരാജയപെട്ടു.ഈ സീസണിൽ 21 ഗോളുകളാണ് മൈക്കൽ സ്റ്റാഹെയുടെ ടീം വഴങ്ങിയത്, ലീഗിലെ 13 ടീമുകളിൽ ഏറ്റവും മോശം റെക്കോഡാണിത്.

”നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്. നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ്‌ ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റുനു എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിയ്ക്കും” മഞ്ഞപ്പട പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങൾ, ആരാധകർ, ഉപഭോക്താക്കളല്ല; ഞങ്ങൾ ഈ ക്ലബ്ബിൻ്റെ ഹൃദയമിടിപ്പാണ്. ഞങ്ങളുടെ വിശ്വസ്തതയെ ഒരു ബിസിനസ്സാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതരുത്,” ഏറ്റവും പുതിയ തോൽവിക്ക് ശേഷം മഞ്ഞപ്പട സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

Rate this post
kerala blasters