ഐഎസ്എല്ലിന്‍റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .കരുത്തരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യത്തേത് ബെംഗളൂരുവിന്‍റെ സെൽഫ് ഗോളായിരുന്നെങ്കിൽ രണ്ടാം ഗോൾ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ വക. കർട്ടിസ് മെയിൻ ബെംഗളൂരുവിന്‍റെ ഏക ഗോളിന് ഉടമയായി.
കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിന്റെ കണക്ക് തീർക്കുന്നതാണ് ഇന്നലെ കൊച്ചിയിൽ കാണാൻ സാധിച്ചത്. വമ്പൻ താരങ്ങളുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിൽ നിരയിൽ ഇടം നേടിയ യുവ താരം മൊഹമ്മദ് അയ്‌മൻ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോച്ച് ഇവാന്‍ തന്നിലേല്‍പ്പിച്ച വിശ്വാസം ഒരിക്കലും പാഴായിപ്പോകില്ലെന്ന് പറയുന്നതായി മല്‍സരത്തില്‍ ഐമന്റെ പ്രകടനം. ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയ സഹലിന് ആര് പകരക്കാരനാവും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഐമെന്റെ ഇന്നലത്തെ പ്രകടനം.
കിട്ടിയ അവസരങ്ങളിലെല്ലാം തന്റെ പ്രതിഭ ലോകത്തിന് വെളിപ്പെടുത്താന്‍ ഐമാന് കഴിഞ്ഞു എന്നത് പ്രധാന കാര്യമാണ്.സഹലിന്റെ അഭാവം അറിയിക്കാതെ ഒരു തുടക്കകാരന്റെയോ, പരിചയ കുറവിന്റെയോ ആശങ്കകളോ ഒന്നുമില്ലാതെ പതറാതെ താരം കളിച്ചു.പ്രീ സീസണിൽ അൽ ജസീറക്കെതിരെയും അയ്‌മൻ നടത്തിയ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിലൂടെ കൂടുതൽ മികവിലേക്കുയരാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ U-15 ടീമിൽ നിന്നാണ് ഐമെൻ തന്റെ ഫുട്ബോൾ യാത്ര ആരംഭിക്കുന്നത്.കേരള പ്രീമിയർ ലീഗ്, ഡ്യൂറൻഡ് കപ്പ്, നെക്സ്റ്റ് ജെൻ കപ്പ് എന്നിവയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. RF ഡെവലപ്‌മെന്റ് ലീഗ്, നെക്സ്റ്റ് ജെൻ കപ്പ് എന്നിവയിൽ തന്റെ നിലവാരം കാണിക്കുകയും അത് ആ വർഷത്തെ ഡ്യൂറൻഡ് കപ്പിൽ പിന്തുടരുകയും ചെയ്തു.
അഞ്ച് മത്സരങ്ങളിൽ ഒരു അസിസ്റ്റ് നൽകുകയും മൂന്ന് ഗോളുകൾ നേടുകയും ചെയ്തു.കേരള പ്രീമിയര്‍ ലീഗില്‍ പങ്കെടുത്തതിന് ശേഷം ഐമനും സഹോദരന്‍ അസ്ഹറും പോളണ്ടിലേക്ക് പരിശീലനത്തിന് പോയിരുന്നു.തന്റെ മികച്ച പ്രകടനത്തെ തുടർന്ന് 20 കാരൻ ബ്ലാസ്റ്റേഴ്സിൽ ടീമിൽ സ്ഥാനമുറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.