ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.എവേ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍.ലീഗില്‍ 23 മത്സരങ്ങള്‍ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 28 പോയിന്‍റാണ് ഉള്ളത്.എട്ടു ജയവും നാലു സമനിലയും 11 തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇതുവരെയുള്ള പ്രകടനം.ഹൈദരാബാദ് എഫ്സി 23 മത്സരങ്ങളില്‍നിന്ന് 17 പോയിന്‍റുമായി 12-ാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരത്തിന് മുന്നോടിയായി സീസണിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ തര്‍ക്കത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ നോഹ സദോയി.ലൂണയുമായുണ്ടായ തർക്കം സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം പറഞ്ഞു. ചെന്നൈയിനെതിരെയുള്ള 94-ാം മിനിറ്റിലാണ് ഈ പ്രതികരണത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്.
ഗോളടിക്കാൻ പാകത്തിൽ രണ്ട് മഞ്ഞക്കുപ്പായക്കാർ ചെന്നൈയിന്റെ ബോക്സിൽ ഉണ്ടായിരുന്നെകിലും, നോവ ഷോട്ട് ഉതിർത്തു, എന്നാൽ അത് ലക്ഷ്യം കാണാതെ വലയുടെ മുകളിലൂടെ പോയി. തുടർന്ന് ഓടിയെത്തിയ ലൂണ, മൊറോക്ക താരവുമായി വാഗ്‌വാദത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് അഡ്രിയാൻ ലൂണ മത്സരശേഷം തന്നെ വ്യക്തമാക്കിയിരുന്നു. അത് സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമായിരുന്നു എന്ന് നോവ കഴിഞ്ഞ ദിവസം അറിയിച്ചു.
‘ഇതെല്ലാം ഒരു നിമിഷത്തിന്റെ ആവേശത്തില്‍ സംഭവിക്കുന്നതാണ്. ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ മുതിര്‍ന്നവരും ടീമംഗങ്ങളുമാണ്. അത് തെറ്റായ ആശയവിനിമയമായിരുന്നു. ആ നിമിഷത്തിന്റെ ചൂടില്‍ സംഭവിച്ചതാണ്. മത്സരശേഷം അതിനെ പറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നു. ലൂണ മികച്ച നേതാവും നല്ലൊരു ടീം മേറ്റുമാണ്. ഈ പ്രശ്‌നം അന്ന് തന്നെ അവസാനിച്ചു.അതെല്ലാം കഴിഞ്ഞ് കാലമേറെയായി. ആളുകൾക്ക് ഇതെല്ലം മാറ്റിവെച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” നോഹ പറഞ്ഞു.
ഗോവയിൽ നിന്നും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ നോഹ ഏഴ് ഗോളും അഞ്ച് അസിസ്റ്റുമായി ടീമിന്റെ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു. കേരളത്തിൽ ആദ്യമായി എത്തിയപ്പോൾ ലഭിച്ച സ്വീകരണം, മനസ് നിറച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.ക്ലബ്ബിലെത്തിയ ആദ്യ ദിവസങ്ങളിൽ എന്റെ സഹതാരങ്ങളും പരിശീലക സ്റ്റാഫും മാനേജ്മെൻറും നൽകിയത് ഊഷ്മളമായ സ്വീകരണമായിരുന്നു. അതിനാൽ, പൊരുത്തപ്പെടാൻ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.