കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനെക്കുറിച്ച് സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമെനെസ് | Kerala Blasters

പുതിയ ഐഎസ്എൽ സീസണിനു തുടക്കമാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, സ്പെയിനിൽനിന്ന് പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജെസൂസ് ഹിമെനെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്.രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിൻ്റെ കാഴ്ചപ്പാടും എൻ്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിൻ്റെ വിജയത്തിനും മനോഹരമായ ഓർമ്മകൾ നിലനിർത്തുന്നതിനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” -ജീസസ് ജിമെനെസ് പറഞ്ഞു.

‘ജീസസ് ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം ടീമിന് മുതൽകൂട്ടാകും. വിവിധ ലീഗുകളിലെ അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും ഗോളടി മികവും ടീമിന്റെ ആക്രമണ നിരയെ ശക്തിപ്പെടുത്തും. ജീസസ് ഈ സീസണിൽ ടീമിന്റെ കുതിപ്പിന് നിർണായക പങ്ക് വഹിക്കുമെന്നും ഈ സീസണിൽ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിക്കുമെന്നും ഉറപ്പുണ്ട് -കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കരാറിൽ ആവേശം പങ്കുവച്ചു.

ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ജീസസിനെ ക്ലബ് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന സീസണിൽ വലിയ പ്രകടനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒഎഫ്ഐ ക്രീറ്റിനൊപ്പം മുഴുവൻ സമയം പ്രീസീസൺ പരിശീലനത്തിൻ്റെ ഭാഗമായിരുന്നു ജീസസ് ജിമെനെസ്. പൂർണ ശാരീരികക്ഷമതയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു-കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

Rate this post
kerala blasters