2023/24 ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡിമിട്രിയോസ് ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്. ഈ സീസണിൽ 13 ഗോളുകൾ നേടിയാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ക്രൊയേഷ്യൻ ടീമായ എച്ച്എൻകെ ഹജ്ദുക് സ്പ്ലിറ്റിൽ നിന്ന് 2 കോടി രൂപ ട്രാൻസ്ഫർ ഫീസിന് ഗ്രീക്ക് സ്‌ട്രൈക്കർ 2022-ൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി.
ഈ സീസണിൽ കേരളത്തിനായി കളിച്ച 17 മത്സരങ്ങളിൽ 13 വ്യത്യസ്ത അവസരങ്ങളിൽ ഗോൾ കണ്ടെത്തി, കൂടാതെ മൂന്ന് അസിസ്റ്റുകളും തൻ്റെ പേരിൽ രേഖപ്പെടുത്തി.31 കാരനായ താരത്തിൻ്റെ സേവനം ഉറപ്പാക്കാൻ മുംബൈ സിറ്റിക്കും ഈസ്റ്റ് ബംഗാളിനും താല്പര്യമുണ്ട്. താരം അടുത്ത സീസണിലും ഇന്ത്യയിൽ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിടവാങ്ങൽ വെളിപ്പെടുത്തിയത്.
“നിർഭാഗ്യവശാൽ, ആവേശകരമായ സാഹസികതകളും അനുഭവങ്ങളും നിറഞ്ഞ ഈ 2 വിസ്മയിപ്പിക്കുന്ന കേരളത്തിലെ വർഷങ്ങൾ അവസാനിച്ചു… ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചു സ്നേഹിച്ച നിമിഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങൾ എന്നെ എന്നത്തേക്കാളും കൂടുതൽ സ്വാഗതം ചെയ്തു, അതിൽ എനിക്ക് കൂടുതൽ നന്ദിയുള്ളവനായിരിക്കാൻ കഴിയില്ല. ഞങ്ങളുടെ ആരാധകരിൽ നിന്ന് ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. നന്ദി മഞ്ഞപ്പട, ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങൾക്ക് ആശംസകൾ നേരുന്നു,” ദിമി പറഞ്ഞു.
പരിശീലകൻ ഇവാന് പിന്നാലെ പ്രധാന സ്‌ട്രൈക്കറെയും കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.ദിമിത്രിയോസിന്റെ തീരുമാനം ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തോടുള്ള അതൃപ്‌തി കൊണ്ടാണെന്ന് സംശയം ആരാധകർക്കുണ്ട്. ആരാധകർക്ക് തുടർച്ചയായി നന്ദി പറയുന്ന താരം ഒരിക്കൽപ്പോലും ക്ലബിനെയും ക്ലബ് നേതൃത്വത്തെയും ആ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാൻ ദിമിത്രിയോസിനു താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.
ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ച ഓഫറിലെ പ്രതിഫലം വർധിപ്പിച്ചു നൽകണമെന്ന് താരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ശീലമാക്കിയ ഒന്നാണ്. വിദേശ താരങ്ങൾ എത്ര മികവ് പുലർത്തിയാലും ഒരു സീസണിൽ കൂടുതൽ ക്ലബ്ബിൽ ഉണ്ടാവില്ല.