‘ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലെത്തില്ല’: പ്രവചനവുമായി ഗവാസ്ക്കർ | Sunil Gavaskar

2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീം ജൂലൈ 13ന് വെസ്റ്റിൻഡീസിനെതിരായ പര്യടനം ആരംഭിക്കുന്നതോടുകൂടി ഇന്ത്യയുടെ ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകൾക്ക് തുടക്കമാവും. ഇത്തവണ ഇന്ത്യൻ മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകരൊക്കെയും. ഇതിനു മുൻപ് ഇന്ത്യൻ മണ്ണിൽ 50 ഓവർ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ ജേതാക്കളായിരുന്നു.

എന്നിരുന്നാലും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ ഇന്ത്യയ്ക്ക് ഇത്തവണ വെല്ലുവിളിയായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം കളിച്ച് പരിചയം വന്ന കളിക്കാരാണ് ഈ ടീമുകളുടെ ശക്തി. ലോകകപ്പിന്റെ ആവേശം ഉയരുന്ന സാഹചര്യത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങൾ ഇപ്പോൾ. സൗരവ് ഗാംഗുലി, സുനിൽ ഗവാസ്ക്കർ, മാത്യു ഹെയ്ഡൻ, ഹർഭജൻ സിംഗ് എന്നിവരൊക്കെയാണ് പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിലെത്തില്ല എന്ന അഭിപ്രായമാണ് സുനിൽ ഗവാസ്കർ പങ്കുവെക്കുന്നത്.

ലോകകപ്പ് ഷെഡ്യൂളുമായി ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്സ് നടത്തിയ അഭിമുഖത്തിലാണ് ഗവാസ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീം ഒരിക്കലും ലോകകപ്പിലെ ഫേവറൈറ്റുകളല്ല എന്നാണ് ഗവാസ്കർ പറയുന്നത്. “ഞാൻ തിരഞ്ഞെടുക്കേണ്ടത് മൂന്ന് ടീമുകളെയാണെങ്കിൽ, അവ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, എന്നിവയാവും.”- സുനിൽ ഗവാസ്കർ പറയുകയുണ്ടായി. എന്തുകൊണ്ടാണ് സാധ്യതയിൽ നിന്ന് ഇന്ത്യയെ ഗവാസ്കർ അവഗണിച്ചത് എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. പക്ഷേ ഗവാസ്ക്കറിന്റെ ഈ അഭിപ്രായത്തിനെതിരെ വലിയ രീതിയിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നത്. ഇന്ത്യയ്ക്കായി കളിച്ചിട്ടും ഇന്ത്യ ലോകകപ്പ് നേടരുത് എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരാൾ സുനിൽ ഗവാസ്ക്കർ മാത്രമാണ് എന്നാണ് ആരാധകർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗവാസ്കറിന്റെ അഭിപ്രായം ഇങ്ങനെയാണെങ്കിലും മറ്റൊരു ഇന്ത്യൻ താരമായ ഹർഭജൻ സിംഗിന്റെ പ്രവചനം വ്യത്യസ്തമായിരുന്നു. “ഇന്ത്യയിൽ നടക്കാൻ പോകുന്നത് വളരെ വാശിയേറിയ ഒരു ടൂർണമെന്റാണ്. അവസാന മൂന്നിലെത്തുന്ന ടീമുകളെ തിരഞ്ഞെടുക്കാൻ എന്നോട് പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുന്നത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ടീമുകളെയാകും. ഇവരാണ് ഈ ടൂർണമെന്റിലെ കരുത്തന്മാർ. സ്വന്തം മണ്ണിൽ ലോകകപ്പ് നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ ടീമിനെ ഇത്തവണ ഒരുതരത്തിലും വിലകുറച്ചു കാണാൻ സാധിക്കില്ല.”- ഹർഭജൻ സിങ് പറയുകയുണ്ടായി.

മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം മൂന്നിലെത്തുക. ഒപ്പം നാലാമത്തെ ടീമായി താൻ പാക്കിസ്ഥാനെയും പ്രതീക്ഷിക്കുന്നു എന്ന് ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയൻ മുൻ താരം മാത്യു ഹെയ്ഡൻ പ്രവചിച്ചത് ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകൾ അവസാന ലാപ്പിലെത്തും എന്നാണ്. എന്തായാലും സുനിൽ ഗവാസ്ക്കറിന്റെ ഈ അഭിപ്രായം വളരെയധികം ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്.

Rate this post