ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കാത്തതിൽ നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ്
2023ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിൽ തനിക്ക് അൽപ്പം നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ് പറഞ്ഞു.ചാഹലിന്റെ സമീപകാല മികച്ച ഫോം കണക്കിലെടുത്ത് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. 2023 ആഗസ്റ്റ് 21 ന് പ്രഖ്യാപിച്ച ഏഷ്യാ കപ്പ് 2023 ടീമിൽ രോഹിത് ശർമ്മ ക്യാപ്റ്റനും ഹാർദിക് പാണ്ഡ്യ ഉപനായകനുമാണ്.
ഈ തീരുമാനത്തിന് പിന്നിലെ കാരണം ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിച്ചു. ടീമിന്റെ സന്തുലിതാവസ്ഥയും ടീം കോമ്പിനേഷനുമാണ് ചാഹലിനെ ഒഴിവാക്കാനുള്ള പ്രാഥമിക കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൂടാതെ, ചാഹലിനേക്കാൾ സെലക്ടർമാർ കുൽദീപ് യാദവിനും അക്സർ പട്ടേലിനും മുൻഗണന നൽകിയതായി വെളിപ്പെടുത്തി.
അക്സർ പട്ടേലിന്റെ ബാറ്റിംഗ് കഴിവ് ഈ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നായി പ്രത്യേകം പരാമർശിക്കപ്പെട്ടു.രോഹിതും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി. ചാഹലിനെ ഉൾപ്പെടുത്തിയാൽ ഒരു സീമറെ ഒഴിവാക്കാണെമന്നും അത് പ്രായോഗികമായ ഓപ്ഷനല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ചാഹലിന്റെ വാതിലുകളൊന്നും അടച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ വഴികളുണ്ടാകുമെന്നും ശർമ്മ ഉറപ്പുനൽകി.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ ഏഷ്യാ കപ്പിനുള്ള സെലക്ഷനിലൂടെ സെലക്ടർമാർ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കിയതായി ഡിവില്ലിയേഴ്സ് പറഞ്ഞു. ചാഹൽ വളരെ മികച്ച ബൗളറാണെന്നും ടീമിൽ ഒരു ലെഗ് സ്പിന്നിംഗ് ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ വളരെ മികച്ചതായിരിക്കുമെന്നും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു.”ചഹലിനെ ഒഴിവാക്കി, ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് സെലക്ടർമാർ അവരുടെ ഉദ്ദേശം വ്യക്തമാക്കുന്നു. ഇത് എനിക്ക് അൽപ്പം നിരാശാജനകമായ ഒരു കാര്യമാണ്.ടീമിൽ ലെഗ് സ്പിന്നിംഗ് ഓപ്ഷൻ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ് “ഡിവില്ലിയേഴ്സ് പറഞ്ഞു