പാകിസ്ഥാൻ ബൗളർമാരുടെ വീമ്പു പറച്ചിൽ അവസാനിപ്പിച്ച ഇന്ത്യൻ ബാറ്റിംഗ് നിര |India
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വലിയൊരു ഗീർവാണം അവസാനിപ്പിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകയ്യൻ പേസർമാരിൽ ഒരാളാണ് ഷാഹിൻ അഫ്രീദി എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വലിയ ഗീർവാണങ്ങളാണ് അഫ്രീദിയെ സംബന്ധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ആരാധകരുമൊക്കെ പുറത്തുവിട്ടത്.
ഇന്ത്യൻ ടീമിന് ഒരു കാരണവശാലും ഷാഹിൻ അഫ്രിദിയെ നേരിടാൻ സാധിക്കില്ല എന്നായിരുന്നു പാകിസ്ഥാൻ ആരാധകരുടെ വാദം. “They Can’t Play Him” എന്ന ടാഗ് ലൈൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് പാകിസ്ഥാൻ ആരാധകർ ഇന്ത്യൻ ബാറ്റർമാരെ പരിഹസിച്ചത്.പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി പോലും ഇക്കാര്യത്തിൽ ഇന്ത്യയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തുകയുണ്ടായി. എന്നാൽ ഈ പരിഹാസത്തിന് കേവലം ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷാഹിൻ അഫ്രീദിയെ അടിച്ചു ഓടിച്ചാണ് ഇന്ത്യൻ ടീം ഈ പരിഹാസത്തിന് മറുപടി നൽകിയിരിക്കുന്നത്. വലിയ ആവേശത്തോടെ മത്സരത്തിലേക്ക് എത്തിയ അഫ്രീദി ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരുടെയും തല്ലു വാങ്ങി മടങ്ങുകയായിരുന്നു. മത്സരത്തിൽ 10 ഓവറുകൾ പന്തറിഞ്ഞ അഫ്രീദി 79 റൺസാണ് വിട്ടു നൽകിയത്. കേവലം ഒരു വിക്കറ്റ് മാത്രമാണ് അഫ്രീദിക്ക് മത്സരത്തിൽ നേടാൻ സാധിച്ചത്.
ഏകദിന ക്രിക്കറ്റിലെ ഷാഹിൻ അഫ്രീദിയുടെ ഏറ്റവും മോശം ബോളിംഗ് പ്രകടനത്തിൽ ഒന്നാണ് ഇന്ത്യയ്ക്കെതിരെ നടന്നത്. ഇതിന് മുൻപ് 2019ൽ മാത്രമാണ് ഷാഹിൻ അഫ്രീദി ഒരു ഏകദിന മത്സരത്തിൽ ഇത്രയധികം റൺസ് വിട്ടു നൽകിയിരുന്നത്. അതിനു ശേഷം ലോക ക്രിക്കറ്റിൽ വലിയ ഭീഷണിയായി അഫ്രീദി മാറുകയുണ്ടായി. എന്നാൽ ഇപ്പോൾ അഹങ്കാരത്തിന് അറുതി വരുത്തിയാണ് ഇന്ത്യൻ ടീം മാസ് ആയി മറുപടി നൽകിയിരിക്കുന്നത്. എന്തായാലും പാക്കിസ്ഥാൻ ബോളിങ് നിരയുടെ ആവേശം തല്ലിത്തകർത്തി ഇന്ത്യ ഉഗ്രൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
മത്സരത്തിൽ 228 റൺസിന്റെ ഭീമാകാരമായ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് മത്സരത്തിൽ ഉണ്ടായത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ വിരാട് കോഹ്ലിയും കെഎൽ രാഹുലും സെഞ്ചുറികളുമായി മിന്നിത്തിളങ്ങിയപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവ് തീയായി മാറുകയായിരുന്നു. മറുവശത്ത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയൊരു നാണക്കേടാണ് ഈ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.