ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ |India
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ. അത്യന്തം ആവേശകരമായ ഫൈനലിൽ 19 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഫൈനൽ മത്സരത്തിൽ സ്മൃതി മന്ദനയും റോഡ്രിഗസുമാണ് ബാറ്റിംഗിൽ തിളങ്ങിയത്.
ബോളിങ്ങിൽ സദുവിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 116 റൺസ് ആയിരുന്നു നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ചുരുട്ടി കെട്ടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നതാണ് തുടക്കം മുതൽ കണ്ടത്. സ്മൃതി മന്ദനയും റോഡ്രിഗസും ക്രീസിൽ ഉറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു.
ഇരുവരും രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. സ്മൃതി മന്ദന 45 പന്തുകളിൽ 46 റൺസും റോഡ്രിഗസ് 40 പന്തുകളിൽ 42 റൺസുമാണ് നേടിയത്. എന്നാൽ ഇന്ത്യൻ നിരയിലെ മറ്റു ബാറ്റർമാർക്ക് പ്രതീക്ഷിക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഇങ്ങനെ ഇന്ത്യയുടെ ഇന്നിംഗ്സ് നിശ്ചിത 20 ഓവറുകളിൽ 116 റൺസിൽ അവസാനിക്കുകയായിരുന്നു.
The historic moment when India womens cricket team won the Gold medal at 19th Asian Games Hangzhou.pic.twitter.com/N6wV0aO0fI
— 🅒🅡🅘︎🅒︎🄲🅁🄰🅉🅈𝗠𝗥𝗜𝗚𝗨™ 🇮🇳❤️ (@MSDianMrigu) September 25, 2023
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ തുടക്കത്തിൽ തന്നെ പേസർ സദു വരിഞ്ഞു മുറുകി. ശ്രീലങ്കൻ മുൻ നിരയിലെ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി സധു ഇന്ത്യയ്ക്ക് മത്സരത്തിൽ മുൻതൂക്കം നൽകി. എന്നാൽ നാലാം വിക്കറ്റിൽ ഹസിനി പേരേരയും(25) നീലാക്ഷി ഡീ സില്വയും(23) ശ്രീലങ്കയ്ക്കായി ക്രീസിൽ ഉറച്ചു. എന്നാൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിനിടെ ഇരുവരും കൂടാരം കയറുകയാണ് ഉണ്ടായത്. പിന്നീട് ഇന്ത്യൻ ബോളർമാർ പിടിമുറുക്കിയതോടെ ശ്രീലങ്ക മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. ഇന്ത്യക്കായി 4 ഓവറുകളിൽ 6 റൺസ് മാത്രം വിട്ടുനൽകിയാണ് സദു 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.