പാകിസ്ഥാനെ തകർത്ത് ഇന്ത്യക്കെതിരെ ഫൈനൽ കളിക്കാൻ അഫ്ഗാനിസ്ഥാൻ |Asian Games 2023

ഏഷ്യൻ ഗെയിംസ് 2023 സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ.ചൈനയിലെ ഹാങ്‌ഷൗവിലെ ZJUT ക്രിക്കറ്റ് ഫീൽഡിൽ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.116 റൺസ് വിജയലക്ഷ്യം 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ മറികടക്കാൻ സഹായിച്ച ഗുൽബാദിൻ നായിബാണ് മത്സരത്തിലെ താരം.

സെമിയിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഒമൈർ യൂസഫാണ് ക്കിസ്ഥാന്റെ ടോപ് സ്‌കോറർ. യൂസഫ് 19 പന്തിൽ രണ്ട് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 24 റൺസെടുത്തു. പാക്കിസ്ഥാനെ 18 ഓവറിൽ 115 റൺസിൽ അഫ്ഗാൻ ഒതുക്കുകയായിരുന്നു.അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് 3/15, സ്പിന്നർമാരായ ക്വയിസ് അഹ്മദ് (2/11), സാഹിർ ഖാൻ (2/20) എന്നിവരും മികച്ച ബൗളിംഗ് നടത്തി. പേസർമാരായ കരിം ജനത് (1/12), ഗുൽബാദിൻ നായിബ് (1/29) എന്നിവരും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ബാറ്റേഴ്സിന് മികച്ച തുടക്കം ആയിരുന്നില്ല, കാരണം ആദ്യ 5 ഓവറിൽ 35 റൺസിന് ഓപ്പണർമാരെ നഷ്ടമായി. എങ്കിലും നൂർ അലിയും അഫ്‌സർ സസായിയും തമ്മിലുള്ള മികച്ച കൂട്ടുകെട്ട് മത്സരത്തിന്റെ വഴിത്തിരിവായി. 33 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 39 റൺസെടുത്ത അലി 12-ാം ഓവറിൽ സുഫിയാൻ മുഖീമിന്റെ പന്തിൽ പുറത്തായി.ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 19 പന്തിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 26 റൺസ് നേടി.

ഷറഫുദ്ദീൻ അഷ്‌റഫിനൊപ്പം 32 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി നാല് വിക്കറ്റും 13 പന്തും ശേഷിക്കെ അഫ്ഗാൻ വിജയത്തിലെത്തിച്ചു.നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടും. ഒന്നാം സെമി ഫൈനലിൽ ബംഗ്ളാദേശിനെ 9 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.