പാകിസ്താനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023

പാക്കിസ്ഥാൻ ടീമിനെ തല്ലിത്തകർത്ത് ചരിത്ര വിജയം സ്വന്തമാക്കി അഫ്ഗാൻ പട. അത്യന്തം ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ ഏകദിന മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. 283 എന്ന വമ്പൻ വിജയലക്ഷ്യം വളരെ പക്വതയോടെ ചെയ്സ് ചെയ്താണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ വിജയം നേടിയത്.

അഫ്ഗാനിസ്ഥാനായി മുൻനിര ബാറ്റർമാർ എല്ലാവരും മികവാർന്ന പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ബോളിങ്ങിൽ സ്പിന്നർ നൂർ അഹമ്മദ് അഫ്ഗാനിസ്ഥാന്റെ വജ്രായുധമായി മാറുകയായിരുന്നു. എന്തായാലും ഒരു ചരിത്രവിജയം തന്നെയാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ നേടിയത്.മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനായി ഓപ്പൺ ഷഫീഖ് തരക്കേടില്ലാത്ത ഒരു തുടക്കം തന്നെ നൽകി.

മാത്രമല്ല നായകൻ ബാബർ ആസമും മത്സരത്തിൽ ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ആദ്യ മത്സരങ്ങളിൽ വലിയ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന ആസമിന്റെ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ കണ്ടത്. ആസാം മത്സരത്തിൽ 92 പന്തുകളിൽ നിന്ന് 74 റൺസാണ് നേടിയത്. ഷെഫീഖ് 75 പന്തുകളിൽ നിന്ന് 58 റൺസ് സ്വന്തമാക്കുകയുണ്ടായി. എന്നിരുന്നാലും കൃത്യമായ സമയത്ത് ബാറ്റർമാർക്ക് സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നത് പാകിസ്താനെ ബാധിച്ചിരുന്നു.

അവസാന ഓവറുകളിൽ ശതാബ് ഖാനും(40) ഇഫ്തിക്കാർ അഹമ്മദുമാണ് തരക്കേടില്ലാത്ത ഫിനിഷിംഗ് പാക്കിസ്ഥാന് നൽകിയത്. ഇഫ്തിക്കാർ അഹമ്മദ് 27 പന്തുകളിൽ നിന്നാണ് 40 റൺസ് നേടിയത്. ഇതോടെ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറുകളിൽ 282 എന്ന സ്കോറിൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണർമാരായ സദ്രാനും ഗുർബാസും ക്രീസിൽ ഉറയ്ക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ അഫ്ഗാനിസ്ഥാനായി 130 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. സദ്രാൻ മത്സരത്തിൽ 113 പന്തുകളിൽ 10 ബൗണ്ടറികളടക്കം 87 റൺസാണ് നേടിയത്.

ഗുർബാസ് 53 പന്തുകളിൽ 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 65 റൺസ് സ്വന്തമാക്കി. ഇരുവരെയും നിർണായകമായ സമയങ്ങളിൽ പുറത്താക്കാൻ പാകിസ്ഥാൻ ബോളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്ത് പാക്കിസ്ഥാന് ഭീഷണിയായി. റഹ്മത്തിനൊപ്പം നായകൻ ഷാഹിദിയും തന്റെ കഴിവ് പുറത്തെടുത്തപ്പോൾ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. റഹ്മത്ത് മത്സരത്തിൽ 77 റൺസും, ഷഹീദി 48 റൺസുമാണ് നേടിയത്.

Rate this post