പൊരുതി കീഴടങ്ങി , ആവേശ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ കീഴടക്കി ഓസ്ട്രേലിയ |World Cup 2023
ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ മലർത്തിയടിച്ച് ഓസ്ട്രേലിയ. ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. അവസാന ബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയക്കായി ഹെഡും വാർണറുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. വാർണറുമൊത്തം ഒരു തകർപ്പൻ കൂട്ടുകെട്ട് ഹെഡ് മത്സരത്തിൽ പടുത്തുയർത്തുകയുണ്ടായി. ന്യൂസിലാൻഡിനായി റജിൻ രവീന്ദ്ര ബാറ്റിംഗിൽ തിളങ്ങിയെങ്കിലും വിജയത്തിന് തൊട്ടടുത്ത് കിവികൾക്ക് മത്സരം നഷ്ടമാവുകയായിരുന്നു. എന്തായാലും ഒരു തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് മത്സരത്തിൽ ലഭിച്ചത്. നേരിട്ട ആദ്യ പന്ത് മുതൽ ഓസ്ട്രേലിയയുടെ ബാറ്റർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ന്യൂസിലാൻഡ് ബോളർമാരെ അടിച്ചു തകർക്കുകയായിരുന്നു. കേവലം 9 ഓവറുകൾക്കുള്ളിൽ തന്നെ ടീമിന്റെ സ്കോർ 100ലെത്തിക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. ഇതിന് ശേഷവും ഇരുവരും അടിച്ചു തകർക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 175 റൺസാണ് വാർണറും ഹെഡും ചേർന്ന് കൂട്ടിച്ചേർത്തത്. ഹെഡ് മത്സരത്തിൽ ഒരു ഉഗ്രൻ സെഞ്ചുറിയും സ്വന്തമാക്കി. 67 പന്തുകളിൽ 10 ബൗണ്ടറികളും 7 സിക്സറുകളും അടക്കമാണ് ഹെഡ് 109 റൺസ് സ്വന്തമാക്കിയത്. ഡേവിഡ് വാർണർ 65 പന്തുകളിൽ 5 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 81 റൺസ് നേടുകയുണ്ടായി.
എന്നാൽ പിന്നീടെത്തിയ ഓസ്ട്രേലിയൻ ബാറ്റർമാർക്ക് മധ്യ ഓവറുകളിൽ മികവു പുലർത്താൻ സാധിച്ചില്ല. 41 റൺസ് നേടിയ മാക്സ്വെല്ലിന്റെയും 38 റൺസ് നേടിയ ജോഷ് ഇംഗ്ലീസിന്റെയും 37 നേടിയ കമ്മിൻസിന്റെയും മികവിൽ ഓസ്ട്രേലിയ 388 എന്ന കൂറ്റൻ സ്കോറിൽ ഫിനിഷ് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും ആദ്യ പന്ത് മുതൽ ആക്രമിച്ചു തന്നെയാണ് കളിച്ചത്. ന്യൂസിലാൻഡ് ഇന്നിങ്സിന് നെടുംതൂണായി മാറിയത് മൂന്നാമതായി ക്രീസിലെത്തിയ രജിൻ രവീന്ദ്രയായിരുന്നു. 89 പന്തുകളിൽ 116 റൺസാണ് രവീന്ദ്ര മത്സരത്തിൽ നേടിയത്.
9 ബൗണ്ടറികളും 5 സിക്സറുകളും രവീന്ദ്രയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ കൃത്യമായ സമയത്ത് രവീന്ദ്രയെ പുറത്താക്കി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. ഇതോടെ സമ്മർദ്ദം ന്യൂസിലാൻഡിലേക്ക് എത്തിപ്പെട്ടു. എന്നാൽ അവസാന ഓവറുകളിൽ ജിമ്മി നീഷം ന്യൂസിലാൻഡിനായി പൊരുതുകയായിരുന്നു. ഓസ്ട്രേലിയൻ ബോളർമാരെ മുഴുവൻ പഞ്ഞിക്കിടാൻ നിഷമിനു സാധിച്ചു. നീഷം മത്സരത്തിൽ 39 പന്തുകളിൽ 58 റൺസ് ആണ് നേടിയത്. എന്നാൽ അവസാന ഓവറിൽ സ്റ്റാർക്ക് തന്റെ എക്സ്പീരിയൻസ് പുറത്തെടുത്തപ്പോൾ ഓസ്ട്രേലിയ അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.