അർദ്ധ സെഞ്ചുറിയുമായി യശ്വസി ജയ്‌സ്വാൾ : 131 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യക്ക് നാലുവിക്കറ്റ് നഷ്ടം | IND vs ENG

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തകർച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ 131 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ നഷ്ടമായി. മിന്നുന്ന ഫോം തുടരുന്ന ഓപ്പണർ യശ്വസി ജയ്‌സ്വാളിന്റെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യക്ക് രക്ഷയായത്.

96 പന്തിൽ നിന്നും 54 റൺസുമായി ജയ്‌സ്വാൾ പുറത്താവാതെ നില്ക്കുകയാണ്. രണ്ട് റണ്‍സുമായി സര്‍ഫറാസ് ഖാനാണ് ഓപ്പണർക്കൊപ്പം ക്രീസിലുള്ളത്. രണ്ടു റൺസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ , ശുഭ്മാന്‍ ഗില്‍ (38), രജത് പാട്ടിദര്‍ (17), രവീന്ദ്ര ജഡേജ (12) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ഡിക്ക് നഷ്ടമായത്. രോഹിത് ശർമയുടെ വിക്കറ്റ് ആൻഡേഴ്സൺ നേടിയപ്പോൾ ശേഷിച്ച മൂന്നു വിക്കറ്റുകൾ സ്പിന്നർ ഷോയിബ് ബഷിർ നേടി.

ഏഴിന് 302 എന്ന സ്കോറിൽ നിന്നാണ് ഇം​ഗ്ലണ്ട് രണ്ടാം ദിനം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. റൂട്ടും റോബിൻസണും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 102 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത് അർദ്ധ സെഞ്ച്വറി പിന്നിട്ട റോബിൻസണെ ജഡേജ പുറത്താക്കി.

പിന്നാലെ ആ ഓവറിൽ ബഷിറിനെയും ജഡേജ പുറത്താക്കി. ജെയിംസ് ആൻഡസനെയും പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.