രോഹിത് ശർമ്മക്കും, ഗില്ലിനും സെഞ്ച്വറി ,ധരംശാല ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് | IND vs ENG
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം ആദ്യ സെഷനിൽ കളി അവസാനിക്കുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശര്‍മയുടെയും ഗില്ലിന്റെയും സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിഗ്സിന് കരുത്തേകിയത്. ഇന്ത്യക്ക് ഇപ്പോൾ 46 റൺസിന്റെ ലീഡുണ്ട്. 102 റൺസുമായി രോഹിതും 101 റൺസുമായി ഗില്ലുമാണ് ക്രീസിൽ.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. രോഹിതും ഗില്ലും ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ടെസ്റ്റ് കരിയറില്‍ രോഹിതിന്റെ 12-ാം സെഞ്ച്വറിയാണിത്. നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.രാജ്കോട്ടിൽ 131 റൺസും റാഞ്ചിയിൽ നടന്ന അവസാന മത്സരത്തിൽ 55 റൺസും നേടിയ രോഹിതിൻ്റെ പരമ്പരയിലെ മൂന്നാമത്തെ 50 പ്ലസ് സ്കോറാണിത്.
തൻ്റെ ഓവർനൈറ്റ് സ്കോർ 52-ൽ പുനരാരംഭിച്ച രോഹിത് തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു.ഷോയിബ് ബഷീറിൻ്റെ ബാക്ക്-ടു ബാക്ക് ഡെലിവറികളിൽ ഒരു സിക്സും ഫോറും പറത്തി.68 റൺസിൽ നിൽക്കെ രോഹിത്തിനെ പുറത്താക്കാൻ ഇംഗ്ലണ്ടിന് ഒരു അർദ്ധാവസരം ലഭിച്ചിരുന്നു. പന്ത് ലെഗ് സ്ലിപ്പ് ഫീൽഡറെ മറികടന്നു. ഗില്ലും അനായാസം റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു. 142 പന്തിൽ നിന്നും 10 ഫോറും അഞ്ചു സിക്സുമടക്കമാണ് ഗിൽ 101 റൺസ് നേടി പുറത്താവാതെ നിൽക്കുന്നത്. മത്സരത്തില്‍ നേരിട്ട 139-ാം പന്തില്‍ ഷൊയ്ബ് ബഷീറിനെ ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറിയിലേക്ക് എത്തിയത്. പരമ്പരയില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ധർമശാലയില്‍ പിറന്നത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തകര്‍പ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 20.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയ്സ്വാളിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യൻ സ്കോര്‍ അതിവേഗം ഉയര്‍ത്തിയത്.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി സെഞ്ച്വറിക്കൂട്ടുകെട്ട് ഉയര്‍ത്തിയ ജയ്സ്വാളിനെ ശുഐബ് ബഷീര്‍ ബെന്‍ ഫോക്സിന്റെ കൈകളിലെത്തിച്ചു. 58 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും സഹിതം 57 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്തായത്.
Stepping out to a fast bowler who has close to 700 test wickets and hit a straight six 🥵
— BCCI India 🇮🇳 (@BCCIND) March 8, 2024
-Just Shubman Gill things 🔥#INDvENG #ENGvsIND #INDvsENGpic.twitter.com/db3rG6nRFQ
3 സിക്സും അഞ്ച് ഫോറും അടങ്ങിയതായിരുന്നു ജയ്സ്വളിന്റെ ഇന്നിങ്സ്. പിന്നാലെ രോഹിത് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 57.4 ഓവറിലാണ് 218 റണ്‍സില്‍ ഓള്‍ഔട്ടായത്. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടി.79 റണ്‍സ് നേടിയ ഓപ്പണര്‍ സാക്ക് ക്രാവ്ലിയാണ് ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.