‘ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു , ഇതൊരു തുടക്കം മാത്രമാണ്’ : ഹാർദിക് പാണ്ഡ്യ | IPL2024

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സുകള്‍ക്കാണ് മുംബൈ വിജയിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാനായത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 234 റണ്‍സ് അടിച്ചെടുത്തത്.

27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ കിടിലന്‍ ഫിനിഷും മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു.234 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 205 റണ്‍സിലേക്ക് എത്താനാണ് കഴിഞ്ഞത്. 25 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ട്രിസ്റ്റൻ സ്റ്റബ്‌സാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്.

പൃഥ്വി ഷാ (40 പന്തില്‍ 66), അഭിഷേക് പോറല്‍ (31 പന്തില്‍ 41) എന്നിവര്‍ മാത്രമാണ് പൊരുതിയ മറ്റ് താരങ്ങള്‍. മുംബൈക്കായി ജെറാൾഡ് കോറ്റ്‌സി നാലും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ ഐപിഎൽ 2024 ലെ തുടർച്ചയായ മൂന്ന് തോൽവികളുടെ റൺ അവസാനിപ്പിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു.നിർണായക വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ.’ഞങ്ങൾ മൂന്ന് മത്സരങ്ങൾ തോറ്റതായി എല്ലാവർക്കും അറിയാം, പക്ഷേ വിശ്വാസവും പിന്തുണയും ഉണ്ടായിരുന്നു, ഞങ്ങൾക്ക് ഒരു ജയം മാത്രമേ ആവശ്യമുള്ളൂ എന്ന് എല്ലാവരും വിശ്വസിച്ചു, ഇന്നായിരുന്നു തുടക്കം, ”പാണ്ഡ്യ പറഞ്ഞു.

‘വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയം. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളില്‍ മാറ്റം വരുത്തി. ഞങ്ങളുടെ തീരുമാനങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി. എല്ലാ തീരുമാനങ്ങളും ക്ലിക്കായ ദിവസമായിരുന്നു ഇന്ന്. ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും കരുതലും ലഭിക്കുന്നുണ്ട്. ഞങ്ങള്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഞങ്ങള്‍ പരസ്പര വിശ്വാസം കൈവിട്ടില്ല. ഞങ്ങള്‍ക്ക് ഈ വിജയം ആവശ്യമായിരുന്നു. ഇത് തുടക്കം മാത്രമാണ്’, പാണ്ഡ്യ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ റൊമാരിയോ ഷെപ്പേർഡിൻ്റെ മിന്നുന്ന പവർ ഹിറ്റിങ്ങിനെ പ്രശംസിച്ചു, അവസാന ഓവറിൽ 32 റൺസ് അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡൽഹി ക്യാപിറ്റൽസിനെതിരായ ) മത്സരത്തിൽ തങ്ങളെ വിജയിപ്പിച്ചതായി പറഞ്ഞു.അദ്ദേഹത്തിൻ്റെ ഇന്നിംഗ്‌സായിരുന്നു മത്സരത്തിൽ വ്യത്യസം വരുത്തിയതെന്നും പാണ്ട്യ പറഞ്ഞു.