ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നുമില്ലെന്ന് ഗൗതം ഗംഭീർ | Gautam Gambhir
ദേശീയ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയ ബഹുമതി വേറെയില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.ഐപിഎൽ 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കുള്ള വിജയകരമായ തിരിച്ചുവരവിൻ്റെ പിൻബലത്തിൽ, 2024 ലെ ഐസിസി ടി 20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൽ നിന്ന് ഹെഡ് കോച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള ഹോട്ട് ഫേവറിറ്റായി ഗംഭീർ മാറി.
ഇന്ത്യയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലെ ഭാഗമായ ഗംഭീർ പരിശീലകനായി ഇന്ത്യയെ മറ്റൊരു പ്രധാന കിരീടത്തിലേക്ക് നയിക്കാം എന്ന വിശ്വസമുണ്ട്.രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായേക്കും എന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ നിയമിക്കാൻ ബിസിസിഐ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
കൂടാതെ, ഇന്ത്യയുടെ കോച്ചായി ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഉടമ വെളിപ്പെടുത്തല്‍ നടത്തിയെന്ന വാര്‍ത്തകളും വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.റിപ്പോര്‍ട്ടുകളോട് ആദ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. “ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നില്ല. നിങ്ങൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ളവരെയും പ്രതിനിധീകരിക്കുന്നു,” അബുദാബിയിൽ നടന്ന ഒരു പരിപാടിയിൽ 42-കാരൻ പറഞ്ഞു.
ഈ ആഴ്ച ആദ്യം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഗംഭീർ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്തേക്ക് വരുന്നതിനെ പിന്തുണച്ചിരുന്നു.2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ പ്രധാന അംഗമായിരുന്ന ഗംഭീർ, അടുത്തിടെ കെകെആറിനൊപ്പം നേടിയ വിജയത്തിന് പ്രശംസ പിടിച്ചുപറ്റി.