ടി 20 ലോകകപ്പിൽ പാകിസ്ഥാന് നാണംകെട്ട തോൽവി , സൂപ്പർ ഓവറിൽ മിന്നുന്ന ജയവുമായി അമേരിക്ക | T20 World Cup 2024

ടി20 ലോകകപ്പ് 2024ൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ അട്ടിമറി ജയം നേടി അമേരിക്ക.നിശ്ചിത ഓവറില്‍ ഇരുടീമും സമനിലയില്‍ എത്തിയതോടെ സൂപ്പര്‍ ഓവറിലാണ് വിധി നിര്‍ണയിച്ചത്. നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ അഞ്ചുറണ്‍സിന് ആണ് പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചത്.

സൂപ്പര്‍ ഓവറിൽ അമേരിക്ക 18 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.ജയത്തോടെ ഗ്രൂപ്പ് എയിലെ പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി യുഎസ്എ ഒന്നാമതെത്തി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ പവർപ്ലേയിൽ 30 റൺസ് നേടുകയും മുഹമ്മദ് റിസ്വാൻ, ഫഖർ സമാന്, ഉസ്മാൻ ഖാൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.ബാബറും ഷദാബ് ഖാനും ചേർന്ന് 8 ഓവറിൽ നാലാം വിക്കറ്റിൽ 72 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ കരകയറ്റിയത്.

25 പന്തിൽ ഒരു ബൗണ്ടറിയും 3 സിക്‌സും സഹിതം 40 റൺസെടുത്ത ഷദാബ് കൂട്ടുകെട്ടിൽ ആക്രമണോത്സുകനായി. ബാബർ 23 പന്തിൽ 44 റൺസ് നേടി.ഇടങ്കയ്യൻ സ്പിന്നർ ഷദാബിനെ പുറത്താക്കി, അതിനുശേഷം ഫോമിലല്ലാത്ത അസം ഖാനെ ഗോൾഡൻ ഡക്കിന് മടക്കി അയച്ചു.40, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷഹീൻ അഫ്രീദി പുറത്താകാതെ നേടിയ 23 റൺസ് നേടി. പാക്കിസ്ഥാൻ 7 വിക്കറ്റിന് 159 എന്ന നിലയിൽ എത്തി.മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം സൗരഭ് നേത്രവൽക്കർ രണ്ടും കെൻജിഗെ മൂന്നു വിക്കറ്റും അമേരിക്കക്ക് വേണ്ടി നേടി.അലി ഖാൻ, ജസ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്റ്റീവൻ ടെയ്‌ലറും മോനാങ്ക് പട്ടേലും ചേർന്ന് 5.1 ഓവറിൽ ഓപ്പണിംഗ് വിക്കറ്റിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷം യുഎസ്എ അവരുടെ റൺസ് വേട്ടയ്ക്ക് നല്ല തുടക്കം കുറിച്ചു. 16 പന്തിൽ 12 റൺസെടുത്ത ടെയ്‌ലറെ പുറത്താക്കി നസീം ഷാ പാക്കിസ്ഥാന് മികച്ച മുന്നേറ്റം സമ്മാനിച്ചു.ക്യാപ്റ്റൻ മൊനാങ്ക് 34 പന്തിൽ അർധസെഞ്ചുറി തികച്ചു. ആൻഡ്രീസ് ഗൗസുമായി ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ട് നേടി.26 പന്തിൽ 5 ഫോറും 1 സിക്‌സും സഹിതം 35 റൺസ് നേടിയ ഗൗസിനെ ഹാരിസ് റൗഫ് പുറത്താക്കി.38 പന്തിൽ 50 റൺസെടുത്ത മൊനാങ്കിനെ പുറത്താക്കിയതിന് ശേഷം മുഹമ്മദ് ആമിർ യുഎസിൽ വലിയ തിരിച്ചടി നൽകി. ആവശ്യമായ റൺ റേറ്റ് 10ന് അടുത്ത് നിന്നതോടെ, കാനഡയ്‌ക്കെതിരായ മത്സരത്തിലെ ഹീറോ ആരോൺ ജോൺസിനായിരുന്നു യുഎസ്എയെ വിജയത്തിലെത്തിക്കാനുള്ള ബാധ്യത.

അവസാന ഓവറുകളിൽ നിതീഷ് കുമാറിനെ കൂട്ടുപിടിച്ച് 36 റൺസെടുത്ത ആരോണ്‍ ജോണ്‍സ് ആണ് യുഎസിനെ പാക് സ്കോറിന് ഒപ്പമെത്തിച്ചത്.അവസാന ഓവറിൽ 12 റൺസ് വേണ്ടിയിരിക്കെ, ജോൺസ് റൗഫിനെ മിഡ് വിക്കറ്റിൽ ഒരു സിക്‌സറും തുടർന്ന് ഒരു ഫോറും പറത്തി മത്സരം സൂപ്പർ ഓവറിലേക്ക് കൊണ്ടുപോയി.സൂപ്പര്‍ ഓവറിൽ പാകിസ്താനായി മുഹമ്മദ് ആമിർ പന്തെറിഞ്ഞു. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ യുഎസ് 18 റണ്‍സ് ആണ് നേടിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്. ഇതോടെ യുഎസിന് അഞ്ച് റണ്‍സ് ജയം നേടി.

Rate this post