‘സഞ്ജു സാംസണില്ല ‘: കേരള ക്രിക്കറ്റ് ലീഗിൽ ടീമുകളെയും ഐക്കൺ താരങ്ങളെയും പ്രഖ്യാപിച്ചു | Kerala Cricket League

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം തിരുവനന്തപുരം ജില്ലയുടേയും (ട്രിവാന്‍ഡ്രം റോയല്‍സ്) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ലയുടേയും (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്)

കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയുടേയും (ആലപ്പി റിപ്പിള്‍സ്) എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സ് എറണാകുളം ജില്ലയുടേയും (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്) ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശ്ശൂര്‍ ജില്ലയുടേയും (തൃശൂര്‍ ടൈറ്റന്‍സ്) ഇകെകെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് കോഴിക്കോട് ജില്ലയുടേയും (കാലിക്കട്ട് ഗ്ലോബ്‌സ്റ്റേഴ്‌സ്) ടീമിന്റെ ഫ്രാഞ്ചൈസികളാകും.

തിരുവനന്തപുരം ടീമിന്റെ ഐക്കണ്‍ താരം അബ്ദുല്‍ ബാസിത്താണ്. കൊല്ലം ടീമിന്റെ ഐക്കണ്‍ താരം സച്ചിന്‍ ബേബിയാണ്. മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പുഴ ടീമിന്റെ ഐക്കണ്‍ താരം.കൊച്ചി ടീമിന്റെ താരം ബേസില്‍ തമ്പിയാണ്. തൃശൂര്‍ ടീമിന്റെ ഐക്കണ്‍ താരം വിഷ്ണു വിനോദും കോഴിക്കോട് ടീമിന്റേത് രോഹന്‍ കുന്നുമ്മലുമാണ്. ടൂര്‍ണമെന്റിന്റെ താരലേലം ഈ വരുന്ന ശനിയാഴ്ച നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഐക്കണ്‍ താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദ്യമുയര്‍ത്തുന്നത് സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ചാണ്.

നേരത്തെ കൊച്ചി ടീമിന്റെയോ തിരുവനന്തപുരം ടീമിന്റെയോ ഐക്കണ്‍ താരമായി സഞ്ജു എത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബ്ബിലാണ് മല്‍സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

Rate this post