‘ബുമ്രക്ക് നാല് വിക്കറ്റ് ‘: ബംഗ്ലാദേശിനെതിരെ 227 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇന്ത്യ | India | Bangladesh
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 149 ന് പുറത്താക്കി 227 റൺസ് ലീഡ് നേടി ഇന്ത്യ . 4 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് ബംഗ്ലാദേശ് ബാറ്റിങ്ങിനെ തകർത്തത്. 32 റൺസ് നേടിയ ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ജഡേജ ആകാശ് ദീപ് സിറാജ് എന്നിവർ 2 വീതം വിക്കറ്റ് വീഴ്ത്തി . ആദ്യ ഇന്നിഗ്സിൽ ഇന്ത്യ 379 റൺസാണ് നേടിയത്.
രണ്ടു റൺസ് മാത്രം എടുത്ത ഓപ്പണർ ഷാദ്മാൻ ഇസ്ലാമിനെ ആദ്യ ഓവറിൽ തന്നെ ബുംറ പുറത്താക്കി.ജസ്പ്രീത് ബുമ്രയുടെ പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും കൂടുതൽ കേടുപാടുകളൊന്നും കൂടാതെ കളിയുടെ ആദ്യ സെഷൻ അവസാനിപ്പിക്കാനായിരുന്നു ബംഗ്ലാദേശിൻ്റെ ലക്ഷ്യം. എന്നിരുന്നാലും, ആദ്യം ഒരു റിപ്പർ ഉപയോഗിച്ച് സക്കീർ ഹസൻ്റെ മിഡിൽ സ്റ്റംപ് പിഴുതെറിഞ്ഞ് ആകാശ് അവരുടെ പദ്ധതികൾ തകർത്തു.
തുടർന്ന് മൊമിനുൾ ഹക്കിൻ്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയാൻ മറ്റൊരു മികച്ച ഡെലിവറി എറിഞ്ഞു.22/1ൽ നിന്ന് ബംഗ്ലാദേശ് 22/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ലഞ്ചിന് ശേഷം സ്കോർ 36 റൺസിൽ നിൽക്കെ 20 റൺസ് നേടിയ ഷാന്റോയെ ബംഗ്ലാദേശിന് നഷ്ടമായി. ബംഗ്ലാ ക്യാപ്റ്റനെ സിറാജിന്റെ പന്തിൽ കോലി പിടിച്ചു പുറത്താക്കി. 4 റൺസ് കൂട്ടിച്ചേർത്തപ്പോൾ മുഷ്ഫിക്കർ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായി.
8 റൺസ് നേടിയ താരത്തെ ബുംറ പുറത്താക്കി. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ലിറ്റൻ ദാസും ഷാക്കിബും ചേർന്ന് ബംഗ്ലാദേശിനെ മുന്നോട്ട് കൊണ്ട് പോയി. എന്നാൽ സ്കോർ 91 ൽ നിൽക്കെ 22 റൺസ് നേടിയ ദാസിനെ രവീന്ദ്ര ജഡേജ പുറത്താക്കി. പിന്നാലെ 32 റൺസ് നേടിയ ഷാക്കിബിനെയും ജഡേജ പുറത്താക്കി. സ്കോർ 112 ൽ നിൽക്കെ ഹസൻ മഹ്മൂദിനെ ബുംറ പുറത്താക്കിയതോടെ ബംഗ്ലാദേശ് 8 വിക്കറ്റിന് 112 എന്ന നിലയിലായി. സ്കോർ 130 ആയപ്പോൾ ഒന്പതാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. 10 റൺസ് നേടിയ ടസ്കിൻ അഹമ്മദിനെ ബുംറ ക്ലീൻ ബൗൾഡ് ചെയ്തു.