‘എനിക്ക് ഞാനാകണം’ : എംഎസ് ധോണിയുമായുള്ള താരതമ്യത്തെക്കുറിച്ച് ഋഷഭ് പന്ത് | Rishabh Pant
ഇതിഹാസ താരം എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തുന്നത്തിനെതിരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. തൻ്റെ സ്വന്തം പാരമ്പര്യം കൊത്തിയെടുക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റിൽ ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് ശേഷം, എല്ലാ കളിയിലും തൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് തൻ്റെ മുൻഗണനയെന്ന് പന്ത് പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഒരു ജീവന് ഭീഷണിയായ റോഡപകടത്തിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ ടെസ്റ്റ് ആയിരുന്നു ഇത്.ആദ്യ ഇന്നിംഗ്‌സിൽ 39 റൺസ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ മികച്ച സെഞ്ച്വറി നേടി, ഇത് ഞായറാഴ്ച ചെന്നൈയിൽ ഇന്ത്യയുടെ 280 റൺസിൻ്റെ വിജയത്തിൽ നിർണായകമായി.ഈ സെഞ്ചുറിയോടെ, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതൽ ആറ് സെഞ്ച്വറികൾ എന്ന എംഎസ് ധോണിയുടെ റെക്കോർഡിനൊപ്പമാണ് പന്ത്. 90 ടെസ്റ്റുകളിൽ നിന്നാണ് ധോണി ഈ നാഴികക്കല്ല് നേടിയതെങ്കിൽ പന്ത് വെറും 34 ൽ എത്തി.
“ഇത് സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ്. മഹി ഭായ് ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ മുമ്പ് പറഞ്ഞതുപോലെ, ഞാൻ ഞാനാകാൻ ആഗ്രഹിക്കുന്നു. എന്താണ് പറയുന്നതെന്നോ എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ ഞാൻ ശ്രദ്ധിക്കുന്നില്ല.ഇവിടെയുള്ള അന്തരീക്ഷം അതിശയിപ്പിക്കുന്നതായിരുന്നു, ഞാൻ അത് ശരിക്കും ആസ്വദിച്ചു,” പന്ത് പറഞ്ഞു.
ഒന്നാം ടെസ്റ്റിൽ 280 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 376 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് ടീം 149 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്‌സിൽ 515 റൺസ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ബംഗ്ലാദേശിന് 234 റൺസ് മാത്രമേ നേടിയിട്ടുള്ളു.