‘കാൽ നക്കലാണ്’ : കാൺപൂർ ടെസ്റ്റ് വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് രോഹിത് ശർമ്മക്കെന്ന് സുനിൽ ഗാവസ്‌കർ | Rohit Sharma

കാൺപൂരിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ ശ്രദ്ധേയമായ ടെസ്റ്റ് വിജയത്തിൻ്റെ ക്രെഡിറ്റ് പുതിയ പരിശീലകൻ ഗൗതം ഗംഭീറിനേക്കാൾ രോഹിത് ശർമ്മയ്ക്കാണെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ തറപ്പിച്ചു പറഞ്ഞു.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ആക്രമണാത്മക ക്രിക്കറ്റ് ശൈലിയാണ് സ്വീകരിച്ചതെന്ന് ഗവാസ്‌കർ എടുത്തുപറഞ്ഞു, ഈ ധീരമായ സമീപനത്തെ വിവരിക്കാൻ ഇന്ത്യൻ നായകനെ “ഗോഹിത്” എന്ന് വിളിക്കുകയും ചെയ്തു. സ്‌പോർട്‌സ്‌സ്റ്റാറിന് വേണ്ടി എഴുതിയ കോളത്തിൽ കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന്റെ തന്ത്രത്തിനുള്ള അംഗീകാരം ഗംഭീറിന് ലഭിച്ചതിൽ ഗവാസ്‌കർ നിരാശ പ്രകടിപ്പിച്ചു.

‘‘​ബ്രണ്ടൻ മക്ക​ല്ലത്തിന്റെയും ബെൻ സ്റ്റോക്സിന്റെയും യുഗത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിൽ പുതിയ സമീപനമുണ്ടായി. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി രോഹിതും അതുപോലെയാണ് ബാറ്റ് ചെയ്തത്. ടീമംഗങ്ങളെയും അതുപോലെ ബാറ്റ് ​ചെയ്യാൻ അദ്ദേഹം പ്രചോദിപ്പിച്ചു.ഗംഭീർ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ സമീപനം അദ്ദേഹത്തിന്റെപേരിൽ ചാർത്തുന്നത് കാലുനക്കുന്നതിന് തുല്യമാണ്.മക്കല്ലം ബാറ്റ് ചെയ്ത രീതിയിൽ ഗംഭീർ ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ല. ആർക്കെങ്കിലും ക്രെഡിറ്റ് നൽകണമെന്നുണ്ടെങ്കിൽ അത് രോഹിതിന് മാത്രമാണ്’’ ഗവാസ്കർ അഭിപ്രായപ്പെട്ടു.

“ഇത്തരം ആക്രമണശൈലിയെ ഓരോ പേര് പറഞ്ഞു വിളിക്കാൻ പാടില്ല. ആ ബോൾ, ഈ ബോൾ എന്നൊക്കെ വിളിക്കുന്നതിന് പകരം രോഹിത്തിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങൾ വച്ച് “ഗോഹിറ്റ്” എന്ന് വിളിക്കുന്നതാണ് ഏറ്റവും ഉത്തമം. “- സുനിൽ ഗവാസ്കർ പറഞ്ഞു

Rate this post