ആദ്യ പന്തില്‍ തന്നെ സിക്സറുമായി സഞ്ജു സാംസൺ , കർണാടകക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് | Sanju Samson

കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണുള്ളത്. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.അര്‍ധ സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മല്‍ (63), വത്സല്‍ ഗോവിന്ദ് (31), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടപ്പെട്ടത്. കര്‍ണാടകയ്ക്ക് വേണ്ടി കൗശിക്, ശ്രേയസ് ഗോപാല്‍, വൈശാഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

88/0 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സ്കോർ ബോർഡിൽ 6 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനടയിൽ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. 88 പന്തിൽ നിന്നും 10 ബൗണ്ടറിയും ഒരു സിക്‌സും അടക്കം 63 റൺസാണ് താരം നേടിയത്. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ വത്സൽ ഗോവിന്ദിനെയും കേരളത്തിന് നഷ്ടമായി. 79 പന്തിൽ നിന്നും 31 റൺസാണ് താരം നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

സ്കോർ 144 ൽ നിൽക്കേ 19 റൺസ് നേടിയ അപരാജിതിനെ ശ്രേയസ് ഗോപാൽ പുറത്താക്കി. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ബൗണ്ടറികളും സിക്സുമായി ആക്രമണ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വീണ്ടും കളിക്കളത്തിലിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തുതന്നെ സിക്‌സടിച്ചാണ് വരവറിയിച്ചത്. തൊട്ടടുത്ത രണ്ട് പന്തുകളും ബൗണ്ടറി പായിക്കുകയും ചെയ്തു.

മഴ ഭൂരിഭാഗം സമയവും അപഹരിച്ച മത്സരത്തില്‍ ഇന്നലെ 23 ഓവർ മാത്രമാണ് കളി നടന്നത്. മോശം വെളിച്ചം കളി നിർത്തുന്നതിന് മുമ്പ് രോഹൻ കുന്നുമലും വത്സൽ ഗോവിന്ദും കേരളത്തെ 88/0 എന്ന നിലയിലെത്തിച്ചു. അവസാന സെഷനിൽ മാത്രമാണ് മത്സരം ആരംഭിച്ചത്.ടോസ് നേടിയ കര്‍ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പിച്ചിലെ ഈര്‍പ്പം മുതലാക്കുകയായിരുന്നു ലക്ഷ്യം. അക്ഷയ് ചന്ദ്രൻ, സ്ലാമാൻ നിസാർ, വിഷ്ണു വിനോദ് എന്നിവർക്ക് പകരം സഞ്ജു സാംസൺ, കെ എം ആസിഫ്, എം ഡി നിധീഷ് എന്നിവർ മൂന്ന് മാറ്റങ്ങളോടെയാണ് കേരളം കളത്തിലിറങ്ങിയത്.ആദ്യ മത്സരത്തിൽ കേരളം എട്ട് വിക്കറ്റിന് പഞ്ചാബിനെ പരാജയപ്പെടുത്തിയപ്പോൾ ആതിഥേയരായ കർണാടക മധ്യപ്രദേശുമായി സമനിലയിൽ പിരിഞ്ഞു.

Rate this post