ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്കായി കളിക്കാൻ തയ്യാർ , തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി വരവറിയിച്ച് ചേതേശ്വർ പൂജാര | Cheteshwar Pujara

ഇരട്ട സെഞ്ച്വറി നേടി മറ്റൊരു രഞ്ജി ട്രോഫി റെക്കോർഡ് ബുക്കിൽ തൻ്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ് സൗരാഷ്ട്ര താരം ചേതേശ്വര് പൂജാര.വർഷങ്ങളായി സൗരാഷ്ട്രയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറിയ പൂജാര സീസണിലെ തൻ്റെ രണ്ടാം മത്സരത്തിൽ 234 റൺസ് അടിച്ചെടുത്തു.ഛത്തീസ്ഗഡ് ഒന്നാം ഇന്നിംഗ്‌സിൽ 578-7 എന്ന കൂറ്റൻ സ്‌കോർ നേടിയതിന് ശേഷം സീനിയർ ബാറ്റർ തൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അദ്ദേഹം സൗരാഷ്ട്രയ്ക്ക് വേണ്ടി ഒരറ്റത്തു പിടിച്ചു നിൽക്കുകയും തൻ്റെ മത്സരം സമനിലയിൽ പിടിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.348 പന്തിൽ ഇരട്ട സ്കോറിലെത്തിയ അദ്ദേഹം 234 റൺസ് നേടി. 25 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.വാസവദ 73, സെൽഡൻ ജാക്‌സൺ 62 എന്നിവർ കൂടി തിളങ്ങിയപ്പോൾ 474-8 എന്ന സ്‌കോറാണ് സൗരാഷ്ട്ര നേടിയത്. തുടർന്ന് മഴ പെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഛത്തീസ്ഗഢിന് വേണ്ടി സസാംഗ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.ഗവാസ്‌കർ, സച്ചിൻ, ദ്രാവിഡ് എന്നിവർക്ക് ശേഷം 21,000 ഫസ്റ്റ് ക്ലാസ് റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 25834 റൺസുമായി ഗവാസ്‌കറാണ് നിലവിൽ പട്ടികയിൽ ഒന്നാമത്.തൻ്റെ ശൈലിയിൽ നങ്കൂരമിട്ട് ഏകദേശം 2 ദിവസം കളിച്ച അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തൻ്റെ 66-ാം സെഞ്ച്വറി നേടി. അങ്ങനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഇതിഹാസ താരം ബ്രയാൻ ലാറയെ (65) മറികടക്കുകയും ചെയ്തു.2010 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി കളിച്ച അദ്ദേഹം ഇന്ത്യയുടെ നിരവധി വിജയങ്ങൾക്ക് സംഭാവന നൽകി. പ്രത്യേകിച്ചും ഓസ്‌ട്രേലിയയിൽ 2019-18 ബോർഡർ – ഗവാസ്‌കർ ട്രോഫി ഇന്ത്യയ്‌ക്കായി 500-ലധികം റൺസ് സ്‌കോർ ചെയ്തു.അതുപോലെ, 2020-21 ൽ, ഓസ്‌ട്രേലിയയിൽ വീണ്ടും വിജയിക്കാൻ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു, അതിനുശേഷം അദ്ദേഹം ടീമിൽ നിന്നും പതിയെ ഒഴിവാക്കപ്പെട്ടു.

എന്നാൽ ന്യൂസിലൻഡിനെതിരെ ബെംഗളൂരുവിൽ നടന്ന ആദ്യ മത്സരത്തിൽ 46 റൺസിന് പുറത്തായപ്പോൾ പൂജാരയെപ്പോലൊരാൾ കളിക്കണമായിരുന്നുവെന്ന് ഇതിഹാസ താരം അനിൽ കുംബ്ലെ പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ അടുത്ത മാസം ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി കളിക്കാൻ തയ്യാറാണെന്ന് പൂജാര ബിസിസിഐയെ ഈ ഇരട്ട സെഞ്ചുറിയോടെ കാണിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) 2023 ഫൈനലിൽ ഇന്ത്യയ്‌ക്കായി അവസാനമായി റെഡ് ബോൾ മത്സരം കളിച്ച ടെസ്റ്റ് വെറ്ററൻ ചേതേശ്വര് പൂജാര ടീമിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

ഇതുവരെ കളിച്ച 103 ടെസ്റ്റുകളിൽ നിന്നായി 7195 റൺസ് നേടിയിട്ടുള്ള 36 കാരനായ വലംകൈയ്യൻ ബാറ്റർ തന്റെ ഫോമിന് ഒരു കുറവും വന്നിട്ടില്ലെന്ന് കാണിച്ചു തന്നു. ഓസ്‌ട്രേലിയയ്ക്ക്ക്തിരെ ഇതുവരെ കളിച്ച 25 മത്സരങ്ങളിൽ 49.38 ശരാശരിയിൽ 2074 റൺസാണ് പൂജാര നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റിൽ 2000 റൺസ് കടന്ന അഞ്ച് ഇന്ത്യൻ ബാറ്റ്‌സ്‌മാരിൽ ഒരാളാണ് അദ്ദേഹം.ഓസ്‌ട്രേലിയൻ മണ്ണിൽ കളിച്ച 11 റെഡ് ബോൾ മത്സരങ്ങളിൽ നിന്ന് 47.28 ശരാശരിയിൽ നേടിയ 993 റൺസ് പൂജാരയുടെ പേരിലുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ 2020-21 പതിപ്പിലെ നാല് മത്സരങ്ങളിലും അദ്ദേഹം കളിച്ചു, ഇന്ത്യൻ ടീമിൻ്റെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ഫിനിഷ് ചെയ്‌തു.

പര്യടനത്തിനുള്ള ഇന്ത്യയുടെ ജംബോ ടെസ്റ്റ് ടീമിൽ ഇടം നേടുന്നതിനായി വരും മത്സരങ്ങളിലും ബാറ്റിംഗിൽ തൻ്റെ മികച്ച ഫോം നിലനിർത്താനാണ് പൂജാര ശ്രമിക്കുന്നത്.ഒമ്പത് തവണ 200 റൺസ് തികച്ച രഞ്ജി ട്രോഫിയിലെ പരാസ് ദോഗ്രയുടെ നേട്ടത്തിനൊപ്പമെത്തിയ പൂജാരയുടെ ഒമ്പതാം ഇരട്ട സെഞ്ചുറിയാണിത്. അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ നേടിയ ഇന്ത്യക്കാരൻ-18 എന്ന നേട്ടത്തിൽ പൂജാര തൻ്റെ ലീഡ് ഉയർത്തി, അതിൽ മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ളതാണ്.

അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്താണ്, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ഹെർബർട്ട് സട്ട്ക്ലിഫിനെയും മാർക്ക് രാംപ്രകാശിനെയും പിന്നിലാക്കി, ഇരുവരുടെയും പേരുകളിൽ 17 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളുണ്ട്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഏലിയാസ് ഹെൻറി ഹെൻഡ്രെൻ (22), വാലി ഹാമണ്ട് (36), ഡോൺ ബ്രാഡ്മാൻ (37) എന്നിവരാണ് മുന്നിൽ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ 200കൾ

ഡൊണാൾഡ് ബ്രാഡ്മാൻ (ഓസ്ട്രേലിയ) – 37
വാൾട്ടർ ഹാമണ്ട് (ഇംഗ്ലണ്ട്) – 36
ഏലിയാസ് ഹെൻഡ്രെൻ (ഇംഗ്ലണ്ട്) – 22
ചേതേശ്വര് പൂജാര (ഇന്ത്യ) – 18
ഹെർബർട്ട് സട്ട്ക്ലിഫ് (ഇംഗ്ലണ്ട്) – 17
മാർക്ക് രാംപ്രകാശ് (ഇംഗ്ലണ്ട്) – 17
ചാൾസ് ഫ്രൈ (ഇംഗ്ലണ്ട്) – 16
ജാക്ക് ഹോബ്സ് (ഇംഗ്ലണ്ട്) – 16
ഗ്രെയിം ഹിക്ക് (ഇംഗ്ലണ്ട്) – 16
കുമാർ രഞ്ജിത്‌സിൻജി (ഇംഗ്ലണ്ട്) – 14
ഗോർഡൻ ഗ്രീനിഡ്ജ് (വെസ്റ്റ് ഇൻഡീസ്) – 14

Rate this post