പൂനെ ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഇല്ലാതായോ ? | WTC | World Test Championship
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റണ്‍സിനാണ് ഇന്ത്യ കിവീസിനോട് അടിയറവ് പറഞ്ഞത്. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്‍റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്‌സിൽ 259 റൺസെടുത്തപ്പോള്‍ ഇന്ത്യ156 റൺസാണ് ഒന്നാം ഇന്നിംഗ്‌സിൽ അടിച്ചുകൂട്ടിയത്.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സിൽ 255 റൺസ് നേടി ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം നൽകി.വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി.ഈ തോൽവി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി കൂടിയാണ്. ഇന്നത്തെ തോൽവി പിന്നാലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയുടെ പോയിന്റ്സ് കുറഞ്ഞു, ഫൈനൽ പ്രവേശനം കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉറപ്പായി.പുതുക്കിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ പ്രകാരം ഇന്ത്യക്ക് നിലവിൽ 62.82 ശതമാനമാണ് പോയിന്റ് ഉള്ളത്.
പരമ്പര ആരംഭിക്കുന്നതിന് മുമ്പ്, 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ 74% പോയിൻ്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു.യഥാക്രമം 55.6%, 50%, 47.6% പോയിൻ്റുമായി ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. 2021ലെയും 2023ലെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് തുടർച്ചയായി യോഗ്യത നേടിയാണ് ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചത്. ഇത്തവണയും ഇന്ത്യ അനായാസം ഹാട്രിക്ക് യോഗ്യത നേടുമെന്നായിരുന്നു പ്രതീക്ഷ.പോയിന്റ് ടേബിളിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇന്ത്യൻ തോൽവി മറ്റുള്ള ചില ടീമുകൾ ഫൈനൽ പ്രവേശന സാധ്യത എളുപ്പമാക്കി.നിലവിൽ 13 ടെസ്റ്റുകൾ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായി കളിച്ചിട്ടുള്ള ഇന്ത്യൻ ടീം എട്ട് ജയം നാല് തോൽവി ഒരു സമനില എന്നിവയാണ് നേടിയത്.
Here's the updated WTC points table following New Zealand's historic win over India in the second Test in Pune pic.twitter.com/CRonWTlh3K
— CricTracker (@Cricketracker) October 26, 2024
കിവീസ് എതിരായ പരമ്പരയിൽ മുംബൈയിൽ മൂന്നാം ടെസ്റ്റും ശേഷം ബോർഡർ ഗവാസ്ക്കർ ട്രോഫി ഭാഗമായി ഓസ്ട്രേലിയക്ക് എതിരെ അവരുടെ മണ്ണിൽ 5 ടെസ്റ്റ് മാച്ചുമുണ്ട്. കിവീസ് എതിരായ ഈ രണ്ട് ടെസ്റ്റ് തോൽവികൾ ഓസ്ട്രേലിയക്ക് എതിരെ അടക്കം ഇന്ത്യക്ക് കൂടുതൽ മാച്ചുകൾ ജയിച്ചാൽ മാത്രം ഫൈനലിൽ കയറാമെന്നുള്ള സ്ഥിതിയിൽ എത്തിച്ചിരിക്കുകയാണ്.ഇനിയുള്ള 6 മത്സരങ്ങളിൽ 3 തോൽവികളോ രണ്ടിൽ കൂടുതൽ സമനിലകളോ ഇന്ത്യയെ ഫൈനലിളിൽ നിന്നും പുറത്താക്കും . അങ്ങനെ സംഭവിച്ചാൽ ന്യൂസിലൻഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവർക്ക് ഫൈനലിലേക്ക് പോകാനുള്ള അവസരങ്ങളുണ്ടാകും.
നവംബർ 1 മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ബ്ലാക്ക്‌ക്യാപ്‌സിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. അതിനുശേഷം, ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ ഇറങ്ങും, ഇത് അവർക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയൻ പര്യടനങ്ങളിലും ഇന്ത്യ വിജയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കിവികളുടെ കൈകളിലെ പരമ്പര പരാജയം ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിനെ ചോദ്യം ചെയ്യുന്നു.