“ഇത് 36, 46 ഓൾഔട്ടുകളേക്കാൾ മോശമാണ്”: 2000 ത്തിന് ശേഷം സ്വന്തം നാട്ടിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ | Indian Cricket

ന്യൂസീലൻഡിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ 25 റൺസിന്റെ നാണകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 121 റൺസിന്‌ ഓൾ ഔട്ടായി.ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ഒരറ്റത്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പൊരുതിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. അജാസ് പട്ടേലിന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്.

രണ്ടു ഇന്നിങ്സുകളിലുമായി 11 വിക്കറ്റാണ് താരം നേടിയത്. 57 പന്തിൽ 64 റൺസെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. പന്തടക്കം മൂന്നു പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 147 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യക്ക് 52 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പന്തിന്റെ പോരാട്ടമാണ് ഇന്ത്യക്ക് ചെറിയ വിജയ പ്രതീക്ഷയെങ്കിലും നൽകിയത്.മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ടീമിൻ്റെ പ്രകടനത്തിൽ നിരാശ രേഖപ്പെടുത്തുകയും ചെയ്തു.രോഹിത് ശർമ (11), യശസ്വി ജയ്‌സ്വാൾ (5), ശുഭ്മാൻ ഗിൽ (1), വിരാട് കോഹ്‌ലി (1), സർഫറാസ് ഖാൻ (1) രവീന്ദ്ര ജഡേജ (6 ) എന്നിവർ ബാറ്റിംഗിൽ ദയനീയമായി.

“ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്ന് ഇത് 36, 46 ഓൾഔട്ടുകളേക്കാൾ മോശമാണ്,” സഞ്ജയ് മഞ്ജരേക്കർ എക്‌സിൽ കുറിച്ചു.ന്യൂസിലൻഡിനെ 235, 174 എന്നിങ്ങനെ ഒതുക്കിയിട്ടും സ്പിന്നർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റർമാക്ക് കഴിഞ്ഞില്ല.ബെംഗളുരുവിലും പൂനെയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇത് വെളിപ്പെട്ടു, ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റിന് ജയിച്ചു.

രണ്ടാം മത്സരത്തിലെ വിജയ മാർജിൻ 113 റൺസായിരുന്നു, ഇത് സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ 12 വർഷത്തെ അപരാജിത കുതിപ്പിന് വിരാമമിട്ടു. ഇപ്പോൾ 2000 ത്തിനു ശേഷം ആദ്യമായി ഇന്ത്യ മുഴുവൻ മത്സരങ്ങൾ തോൽക്കുകയും ചെയ്തു.2000ൽ ദക്ഷിണാഫ്രിക്കയോട് രണ്ട് മത്സരങ്ങൾ തോറ്റിരുന്നു.രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച പ്രകടനം ടീമിൻ്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു.

Rate this post