മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനുമെതിരെ നടപടിയെടുക്കാൻ ഐസിസി | Mohammed Siraj | Travis Head

അഡ്‌ലെയ്ഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ , ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയയുടെ സ്റ്റാർ മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻ ട്രാവിസ് ഹെഡും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ വലിയ വാർത്തകൾ സൃഷ്ടിച്ചു.സിറാജും ട്രാവിസ് ഹെഡും ഐസിസി നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്.

ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിൻ്റെ 82-ാം ഓവറിനിടെ സിറാജ് ബൗൾ ചെയ്‌ത ഇൻ-സ്വിങ്ങിംഗ് യോർക്കർ ഹെഡിനെ പുറത്താക്കിയപ്പോഴായിരുന്നു സംഭവം.അഡ്ലെയ്ഡില്‍ സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്താക്കുന്നത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ബൗള്‍ഡായതിന് പിന്നാലെ ഹെഡ്, സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. മുഹമ്മദ് സിറാജും മറുപടിയായി ചില വാക്കുകൾ പറഞ്ഞു.താനെന്താണ് സിറാജിനോട് പറഞ്ഞതെന്ന് പിന്നീട് ഹെഡ് വ്യക്തമാക്കിയിരുന്നു.

”വിക്കറ്റ് നഷ്ടമായ ഉടനെ, താങ്കള്‍ നന്നായി പന്തെറിഞ്ഞുവെന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നോട് പവലിയനിലേക്ക് മടങ്ങൂവെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു’ഹെഡ് പറഞ്ഞു.’ട്രാവിസ് ഹെഡ് കള്ളം പറയുകയാണ്, അവൻ എന്നെ ശകാരിച്ചതിനാൽ ഞാൻ വീണ്ടും അവനോട് അക്രമാസക്തമായി പെരുമാറി’ഇതിന് മറുപടിയായി സിറാജ് പറഞ്ഞു.ഇത്തരം രാജ്യാന്തര മത്സരങ്ങളിൽ അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കാനും അതിനാൽ ഇരുവർക്കും ഡീമെറിറ്റ് പോയിൻ്റ് നൽകാനും താരങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അച്ചടക്ക നടപടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

”ഞങ്ങള്‍ അതിനെ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് സിറാജിന് മനസിലായി. അതു കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് മുന്നോട്ട് വന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല. ഞങ്ങള്‍ രണ്ട് പേരും സ്‌നേഹമുള്ളവരാണ്” ഹെഡ് പറഞ്ഞു.