‘ഗൗതം ഗംഭീർ ധാരാളം സ്വാതന്ത്ര്യം നൽകുന്നു’ : ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യിലെ വിജയത്തെക്കുറിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് | Suryakumar Yadav 

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബുധനാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചതിന് ശേഷം സൂര്യകുമാർ യാദവ് തന്റെ യുവ ടീമിനെ പ്രശംസിച്ചു.ബൗളർമാർ പദ്ധതികൾ നന്നായി നടപ്പിലാക്കി എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ അവരെ അഭിനന്ദിച്ചു, ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ടി20 ഇൻ്റർനാഷണൽ മത്സരത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി, ഈ 5 മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് ലീഡ് നേടി. 133 റൺസെന്ന ചെറിയ വിജയലക്ഷ്യം അഭിഷേക് ശർമ്മ 79 റൺസിൻ്റെ ഇന്നിംഗ്‌സ് കളിച്ച് എളുപ്പമാക്കി. ടോസ് നേടിയ ശേഷം ഞങ്ങൾ ആരംഭിച്ച രീതിയാണ് മാനദണ്ഡം നിശ്ചയിച്ചതെന്ന് വിജയത്തിന് ശേഷം സൂര്യകുമാർ പറഞ്ഞു. ഞങ്ങൾ അത് അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോയി. എല്ലാ ബൗളർമാരും അവരവരുടെ പ്ലാൻ ഉണ്ടാക്കി, അത് നടപ്പിലാക്കി, മൈതാനത്ത് നല്ല ഊർജം ഉണ്ടായിരുന്നുവെന്നും സൂര്യകുമാർ പറഞ്ഞു.

‘ഞങ്ങളുടെ ശക്തിയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ദക്ഷിണാഫ്രിക്കയിൽ കളിക്കുമ്പോഴും ഞങ്ങൾ അത് ചെയ്തു. പുതിയ പന്തിൽ ബൗളിങ്ങിൻ്റെ ഉത്തരവാദിത്തം ഹാർദിക് ഏറ്റെടുത്തു. അതിനാൽ ആ അധിക സ്പിന്നറെ കളിപ്പിക്കാൻ എനിക്ക് കുറച്ച് ഫ്ലെക്സിബിലിറ്റി ഉണ്ടായിരുന്നു, അവർ മൂന്ന് പേരും മികച്ച ജോലി ചെയ്തു.വരുണിന്റെ തയ്യാറെടുപ്പുകൾ ശരിയായ ദിശയിലാണ്, അർഷ്ദീപ് അധിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു” മൂന്ന് സ്പിന്നർമാരെ തിരഞ്ഞെടുത്തത്തിനെക്കുറിച്ച് ക്യാപ്റ്റൻ പറഞ്ഞു.

ഇന്ത്യൻ ടി20 ടീമിന് സ്വയം പ്രകടിപ്പിക്കാൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ ധാരാളം സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് നായകൻ പറഞ്ഞു.”ഗൗതി ഭായ് ധാരാളം സ്വാതന്ത്ര്യം നൽകുന്നു, ഞങ്ങൾ അൽപ്പം വ്യത്യസ്തമായി കളിക്കാൻ ആഗ്രഹിക്കുന്നു. ഫീൽഡിംഗ് ഞങ്ങൾ ശരിക്കും കഠിനാധ്വാനം ചെയ്യുന്ന ഒരു മേഖലയാണ്. ആ പകുതി അവസരങ്ങൾ ഉപയോഗപ്പെടുത്തി നമുക്ക് ഒരു മാറ്റം വരുത്താം,” അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 വിക്കറ്റ് നേടിയ അർഷ്ദീപിനെയും സൂര്യകുമാർ പ്രശംസിച്ചു. വിജയത്തിനായി 133 റൺസ് മാത്രം പിന്തുടർന്ന ഇന്ത്യ 43 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു, 12.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി.

34 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും പറത്തിയാണ് അഭിഷേക് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഓപ്പണർ സഞ്ജു സാംസൺ 20 പന്തിൽ 26 റൺസ് നേടി.നേരത്തെ, ഇന്ത്യ ഇംഗ്ലണ്ടിനെ 20 ഓവറിൽ 132 റൺസിന് പുറത്താക്കി. വരുൺ (3/23) ആണ് ഏറ്റവും മികച്ച ഇന്ത്യൻ ബൗളർ, അർഷ്ദീപ് സിംഗ് (2/17), അക്സർ പട്ടേൽ (2/22), ഹാർദിക് പാണ്ഡ്യ (2/42) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ 44 പന്തിൽ 68 റൺസ് നേടി.

Rate this post