രണ്ട് റൺസിന്റെ ലീഡുമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് , ഗുജറാത്ത് 455 ന് പുറത്ത് | Ranji Trophy
ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് 7 റൺസ് കൂടി കൂട്ടിച്ചേക്കുന്നതിനിടയിൽ 79 റൺസ് നേടിയ ജയമീത് പട്ടേലിനെ നഷ്ട്പെട്ടു. ആദിത്യ സർവാതെയുടെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ സ്റ്റമ്പ് ചെയ്ത പുറത്താക്കി. ഇതോടെ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നു. സ്കോർ 446 ആയപ്പോൾ ഗുജറാത്തിനു 9 ആം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ സിദ്ധാർഥ് ദേശായിയെയും ആദിത്യ സർവാതെ പുറത്താക്കി. അവസാന ബാറ്റര്‍മാരായ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേർന്ന് പ്രതിരോധം തീർത്തെങ്കിലും സ്കോർ 455 ൽ വെച്ച് ഗുജറാത്തിനു അവസാന വിക്കറ്റും നഷ്ടമായി. രണ്ടു റൺസിന്റെ ലീഡുമായി കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്യുകയാണ്.
ഇന്നലെ ഗുജറാത്ത് 222/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചു, പ്രിയങ്ക് പഞ്ചൽ 117 റൺസുമായി ശക്തമായി ക്രീസിൽ നിൽക്കുകയും മനൻ ഹിംഗ്‌രാജിയ 30 റൺസുമായി ഉറച്ചുനിൽക്കുകയും ചെയ്തു. എന്നാൽ ദിവസത്തിലെ അഞ്ചാം ഓവറിൽ തന്നെ സക്‌സേന ഹിംഗ്‌രാജിയയെ പുറത്താക്കി ആദ്യ തിരിച്ചടി നൽകി.രണ്ട് ഓവറുകൾ കഴിഞ്ഞപ്പോൾ കേരള നായകൻ സച്ചിൻ ബേബി ഇരുവശത്തുനിന്നും സ്പിൻ ചെയ്തു സ്കോർ 277 ആയപ്പോൾ സക്സേന പന്തിൽ 148 റൺസ് നേടിയ പഞ്ചൽ പുറത്തായി.

25 റൺസ് നേടിയ ഉര്‍വില്‍ പട്ടേലിന്റെ വിക്കറ്റും സക്‌സേന നേടി. ഫീൽഡിംഗിനിടെ മുഖത്ത് പരിക്കേറ്റ സ്പിന്നർ രവി ബിഷ്ണോയിക്ക് പകരം ഗുജറാത്ത് ഹേമാങ് പട്ടേലിനെ ഒരു കൺകഷൻ പകരക്കാരനായി കൊണ്ടുവന്നു. എന്നാൽ പേസർ എം.ഡി. നിധീഷ് തിരിച്ചെത്തിയതോടെ ഹേമാങ്ങിന്റെ 27 റൺസ് മാത്രമുള്ള ഇന്നിംഗ്സ് അവസാനിച്ചു. ലഞ്ചിന് ശേഷം സ്കോർ 325 വെച്ച് തന്നെ ഗുജറാത്തിന് ആറാം വിക്കറ്റ് നഷ്ടമായി. രണ്ടു റൺസ് നേടിയ ചിന്തന്‍ ഗജയെ സക്‌സേന വിക്കറ്റിന് മുന്നിൽ കുടുക്കി. 14 റൺസ് നേടിയ വിശാൽ ജയ്‌സ്വാളിനെ ആദിത്യ സർവാതെ പുറത്താക്കി. എന്നാൽ ജയ്മീത് മനീഷ്ഭായ് പട്ടേൽ അർധസെഞ്ചുറിയുമായി കേരളത്തിന്റെ സ്പിൻ ആക്രമണത്തെ പ്രതിരോധിച്ചു. ഗുജറാത്ത് സ്കോർ 400 കടന്നു.
നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൊരുതി നേടിയ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 177 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ അര്‍ധ ശതകം നേടി. 202 പന്തുകള്‍ നേരിട്ട താരം 52 റണ്‍സിന് പുറത്തായി. അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ നിന്ന് 24 റണ്‍സ് നേടി അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്.