കേരളത്തെ രഞ്ജി ഫൈനലിലെത്തിച്ച തന്ത്രശാലിയയായ പരിശീലകൻ അമേയ് ഖുറാസിയ | Amay Khurasiya

കഴിഞ്ഞ വർഷമാണ് കേരളത്തിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ മധ്യപ്രദേശ് താരവുമായ അമയ് ഖുറാസിയയെ നിയമിച്ചത്. കേരള ക്രിക്കറ്റിന്റെ ഭാവി മാറ്റിമറിക്കുന്ന ഒരു തീരുമാനമായി അത് മാറിയിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനൽ കളിയ്ക്കാൻ തയ്യാറെടുക്കുമ്പോൾ അമയ് ഖുറാസിയ എന്ന പരിശീലകൻ എന്ന പരിശീലകന്റെ തന്ത്രങ്ങൾ വലിയ പങ്കുവഹിക്കും.

സ്വന്തം കഴിവിൽ വിശ്വസിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നാണ് പരിശീലകൻ അമേയ് ഖുറാസിയ കേരള താരങ്ങൾക്ക് നൽകിയ ഉപദേശം. പരിശീലകൻ്റെ വാക്കുകൾ ഹൃദയത്തിലേക്ക് ആവാഹിച്ച കേരള താരങ്ങൾ ഇതുവരെ കാണാത്ത തരത്തിലുള്ള മികവാണ് നോക്കൗട്ട് ഘട്ടത്തിൽ പുറത്തെടുത്തത്. സെമിയിലെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദീൻ അമയ് ഖുറാസിയ നൽകിയ ഉപദേശത്തെക്കുറിച്ച സംസാരിച്ചിരുന്നു.“ഞാനോ മറ്റേതെങ്കിലും ബാറ്റ്സ്മാനോ ആകട്ടെ, ഈ ടൂർണമെന്റിൽ ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾ പരിശീലകന്റെ ഉപദേശം പിന്തുടർന്നു, അത് പുതിയ ഉയരങ്ങളിലെത്താൻ ഞങ്ങളെ സഹായിച്ചു,” അസ്ഹറുദ്ദീൻ പറഞ്ഞു.

”ഒറ്റ ദിവസം 400 റൺസ് അടിക്കാൻ ശ്രമിക്കുന്നതിനു പകരം ബാറ്റിംഗ് സമയം ചെലവഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം, ഇത് എതിരാളികളെ മാനസികമായി തളർത്തുകയും ചെയ്യും, ഏകദേശം 220-230 ഓവറുകൾ ഫീൽഡ് ചെയ്യേണ്ടി വരും,” അദ്ദേഹം പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ സെഞ്ച്വറി നേടിയ സൽമാൻ നിസാറും പരിശീലകന്റെ പിന്തുണയെക്കുറിച്ച സംസാരിച്ചു.“നമുക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം (ഖുറാസിയ) എനിക്ക് ശക്തമായ വിശ്വാസം നൽകി. ക്രിക്കറ്റ് അങ്ങനെയാണ്, ചിലപ്പോൾ നിങ്ങൾക്ക് സ്വയം വിശ്വസിക്കുകയാണെങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു” സൽമാൻ പറഞ്ഞു.

2004 ൽ വിരമിച്ച ഖുറാസിയ വിരമിച്ചതിന് തൊട്ടുപിന്നാലെ പരിശീലന രംഗത്തേക്ക് കടന്നു. ഇൻഡോറിലെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയുടെ മുഖ്യ പരിശീലകനായി 10 വർഷം സേവനമനുഷ്ഠിച്ചു. ആവേശ് ഖാൻ, വെങ്കിടേഷ് അയ്യർ തുടങ്ങിയ കളിക്കാർ അദ്ദേഹത്തിന് കീഴിൽ വളർന്നു വന്നതാണ്.1999 ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു അമയ് ഖുറാസിയ, ടീം ഇന്ത്യയ്ക്കായി ആകെ 12 ഏകദിനങ്ങൾ കളിച്ചു. 12 ഏകദിനങ്ങളിൽ നിന്ന് ഖുറാസിയ 149 റൺസ് നേടി, 57 റൺസ് എന്ന ഉയർന്ന സ്കോർ നേടിയിരുന്നു, അത് ഫോർമാറ്റിലെ അദ്ദേഹത്തിന്റെ ഏക അർദ്ധസെഞ്ച്വറിയായിരുന്നു.

1999ലെ പെപ്സി കപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു അത്.119 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഖുറാസിയ 7304 റൺസ് നേടി, 21 സെഞ്ച്വറികൾ നേടി. കൂടാതെ, 122 ലിസ്റ്റ് എ മത്സരങ്ങളിൽ കളിച്ച അദ്ദേഹം 3768 റൺസും നാല് സെഞ്ച്വറികൾ നേടി.ഒരു സീസണിൽ ടീമിനെ പരിശീലിപ്പിച്ച ശേഷം ജോലി ഉപേക്ഷിച്ച എം. വെങ്കട്ടരമണയ്ക്ക് പകരക്കാരനായി ഖുറാസിയ കേരളത്തിന്റെ മുഖ്യ പരിശീലകനായത്.