ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ടീം ഇന്ത്യ | ICC Champions Trophy

ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്തെറിഞ്ഞ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. 252 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ49 ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. 83 പന്തിൽ നിന്നും 76 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 62 പന്തിൽ നിന്നും 48 റൺസ് നേടിയ ശ്രേയസ് അയ്യരും 34 റൺസ് നേടിയ കെഎൽ രാഹുലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ 252 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. നായകൻ രോഹിത് ശർമ്മ കൂടുതൽ ആക്രമമിച്ചാണ് കളിച്ചത്.37 കാരനായ രോഹിത് വെറും 41 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു.18 വർഷത്തിനിടെ എല്ലാ ഫോർമാറ്റുകളിലുമായി 9-ാമത്തെ ഐസിസി ടൂർണമെന്റ് ഫൈനലിൽ കളിച്ച രോഹിത് ആദ്യമായി അർദ്ധസെഞ്ച്വറി തികച്ചു, 2023-ൽ അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 31 പന്തിൽ 47 റൺസ് നേടിയതായിരുന്നു രോഹിത്തിന്റെ ഉയർന്ന സ്കോർ.

എന്നാൽ 19 ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നതിനു പിന്നാലെ ആദ്യ വിക്കറ്റ് നഷ്ടമായി. 50 പന്തിൽ നിന്നും 31 റൺസ് നേടിയ ഗില്ലിനെ നായകൻ മിച്ചൽ സാന്റ്നർ പുറത്താക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ മൂന്നാമനായി ഇറങ്ങിയ വിരാട് കോലിയേയും ഇന്ത്യക്ക് നഷ്ടമായി. ഒരു റൺസ് നേടിയ കോലിയെ ബ്രേസ്വെൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ 83 പന്തിൽ നിന്നും 76 റൺസ് നേടിയ രോഹിത് ശർമയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യൻ നായകനെ രചിൻ രവീന്ദ്ര പുറത്താക്കി.

എന്നാൽ നാലാം വിക്കറ്റൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ – അക്‌സർ പട്ടേൽ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോയി, ഇരുവരും 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. എന്നാൽ സ്കോർ 183 ആയപ്പോൾ ശ്രേയസ് അയ്യരെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 62 പന്തിൽ നിന്നും 48 റൺസ് നേടിയ അയ്യരെ മിച്ചൽ സാന്റ്നർ പുറത്താക്കി. 40 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 191 എന്നതായിരുന്നു. 41 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. എന്നാൽ സ്കോർ 200 കടന്നതിനു പിന്നാലെ അക്‌സർ പട്ടേലിന്റെ നിരനായക വിക്കറ്റ് കിവീസ് നേടി. 40 പന്തിൽ നിന്നും 29 റൺസ് നേടിയ അക്‌സറിനെ ബ്രേസ്വെൽ പുറത്താക്കി. സ്കോർ 241 ആയപ്പോൾ ഇന്ത്യക്ക് 18 റൺസ് നേടിയ പാണ്ട്യയുടെ വിക്കറ്റ് നഷ്ടമായി.

ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മിച്ചല്‍ ബ്രെയ്‌സ്‌വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി കുൽദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.