ജസ്പ്രീത് ബുമ്രക്ക് നാല് വിക്കറ്റ് , തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് | IPL2025

വാങ്കഡെ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഐപിഎൽ 2025 മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് എഴുതി ചേർത്തു. മുംബൈ ഇതിഹാസം ലസിത് മലിംഗയെയും മറികടന്ന് 171 വിക്കറ്റുകൾ നേടിയ ബുംറ ഐപിഎൽ ചരിത്രത്തിൽ ഫ്രാഞ്ചൈസിയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടക്കാരനായി. എൽഎസ്ജിയുടെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലാണ് ബുംറ ആദ്യ വിക്കറ്റിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്.

ബുംറ മിഡിൽ, ലെഗ് സ്റ്റംപ് എന്നിവ ലക്ഷ്യമാക്കി ബാക്ക്-ഓഫ്-ദി-ലെങ്ത് ഡെലിവറി എറിഞ്ഞ പന്തിൽ ഐഡൻ മാർക്രം നമാൻ ധീറിന് ക്യാച്ച് നൽകി മടങ്ങി.എൽഎസ്ജിയുടെ മികച്ച ഫോം ബാറ്റ്‌സ്മാൻമാരിൽ ഒരാളെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ബുമ്രക്ക് സാധിച്ചു.141 ഇന്നിംഗ്‌സുകളിൽ നിന്ന് 171 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ, 137 ഇന്നിംഗ്‌സുകളിൽ നിന്ന് 170 വിക്കറ്റുകൾ വീഴ്ത്തിയ മലിംഗയെ മറികടന്ന് മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. 154 ഇന്നിംഗ്‌സുകളിൽ നിന്ന് 127 വിക്കറ്റുകളുമായി വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗ് മൂന്നാം സ്ഥാനത്താണ്. ഐപിഎൽ ചരിത്രത്തിൽ മുംബൈയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അഞ്ച് താരങ്ങൾ ഇതാ:

ജസ്പ്രീത് ബുംറ – 171
ലസിത് മലിംഗ – 170
ഹർഭജൻ സിംഗ് – 127
മിച്ചൽ മക്ലെനാഗൻ – 71
കീറോൺ പൊള്ളാർഡ് – 69

ബുംറയുടെ റെക്കോർഡ് വിക്കറ്റിന് പിന്നാലെ, മുംബൈയുടെ ഉടമകളായ നിത അംബാനിയും ആകാശ് അംബാനിയും സ്റ്റാർ പേസറെ അഭിനന്ദിച്ചു. മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയ ബുംറ 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി.വാങ്കഡെ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടി. ഇതോടെ ടീം 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. വില്‍ ജാക്‌സ് രണ്ട് പേരെ പുറത്താക്കി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.