ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ |World Cup 2023

2023 ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇംഗ്ലണ്ട് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അട്ടിമറിയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ഓപ്പണർ ഗുർബാസ് ആയിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ എല്ലാവരും മികവുപുലർത്തിയോടെ അഫ്ഗാനിസ്ഥാൻ അനായാസം വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കിരീട തുടർച്ചക്കായി ഇന്ത്യൻ മണ്ണിലെത്തിയ ഇംഗ്ലണ്ടിനേറ്റ വലിയ തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് അഫ്ഗാനിസ്ഥാൻ ഓപ്പണർ ഗുർബാസ് കാഴ്ചവെച്ചത്. മത്സരത്തിൽ 57 പന്തുകൾ നേരിട്ട ഗുർബാസ് 80 റൺസ് നേടുകയുണ്ടായി. 8 ബൗണ്ടറികളും 4 സിക്സറുകളും ഗുർബാസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ആദ്യ വിക്കറ്റിൽ 114 റൺസാണ് ഗുർബാസും സദ്രാനും ചേർന്ന് കെട്ടിപ്പടുത്തത്. എന്നാൽ ആദ്യ വിക്കറ്റ് നഷ്ടമായതിനു ശേഷം തുടർച്ചയായി അഫ്ഗാനിസ്ഥാന്റെ വിക്കറ്റുകൾ പൊലിഞ്ഞു. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ഇക്രമാണ് അഫ്ഗാനിസ്ഥാന്റെ കാവലാളായത്. മത്സരത്തിൽ 58 റൺസാണ് ഇക്രം നേടിയത്. ഇങ്ങനെ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ 284 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ബെയർസ്റ്റോയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായത് അവർക്ക് തിരിച്ചടിയായി. ഇംഗ്ലണ്ട് നിരയിൽ ഹാരി ബ്രുക്ക് ആയിരുന്നു അല്പം പ്രതീക്ഷ നൽകിയത്. 61 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 66 റൺസ് ഹാരി ബ്രുക്ക് നേടുകയുണ്ടായി. മറ്റു ബാറ്റർമാരൊക്കെയും അഫ്ഗാനിസ്ഥാൻ സ്പിന്നർമാർക്കെതിരെ വിറച്ചു വീണപ്പോൾ മത്സരത്തിൽ ഇംഗ്ലണ്ട് പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനായി മുജീബ് റഹ്മാനും റാഷിദ് ഖാനും മത്സരത്തിൽ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.