‘ആഘോഷങ്ങൾ കൊണ്ടും സിഎസ്‌കെയെ തോൽപിച്ചത് കൊണ്ടും നിങ്ങൾക്ക് ഐപിഎൽ വിജയിക്കാനാവില്ല’: എലിമിനേറ്ററിലെ തോൽവിക്ക് ശേഷം ആർസിബിയെ പരിഹസിച്ച് അമ്പാട്ടി റായിഡു | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എലിമിനേറ്ററിൽ പുറത്തായിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിന്റെ പരാജയമാണ് ആർസിബി ഏറ്റുവാങ്ങിയത്.ബാറ്റിംഗിലും ഫീൽഡിംഗിലും സാധാരണ പ്രകടനമാണ് വിരാട് കോലിയും സംഘവും നടത്തിയത്.നിശ്ചിത 20 ഓവറിൽ 172 റൺസാണ് അവർ അടിച്ചെടുത്തത്.

മധ്യ ഓവറുകളിൽ രാജസ്ഥാന് വിക്കറ്റുകൾ നഷ്ടമായെങ്കിലും രാജസ്ഥാൻ മത്സരത്തിൽ 4 വിക്കറ്റിന് വിജയിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപിച്ച ബെംഗളൂരു കളിക്കാർ ഏറെ നേരം ആഘോഷിച്ചിരുന്നു.ടൂർണമെൻ്റിൽ നിന്ന് പുറത്തായതിന് ശേഷം ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിയെ മുൻ ചെന്നൈ താരം അമ്പാട്ടി റായിഡു പരിഹസിച്ചു. “ആക്രമണാത്മകമായ ആഘോഷങ്ങൾ കൊണ്ട് നിങ്ങൾക്ക് ഐപിഎൽ ട്രോഫി നേടാനാവില്ലെന്ന് ആർസിബി മനസ്സിലാക്കണം. ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ച് വിജയം നേടാനാകില്ല. ട്രോഫി കരസ്ഥമാക്കാൻ നിങ്ങൾക്ക് പ്ലേ ഓഫിലെ മികച്ച പ്രകടനവും ആവശ്യമാണ്” അമ്പാട്ടി റായുഡു പറഞ്ഞു.

“ഇന്ത്യൻ കളിക്കാരെയും പ്രാദേശിക പരിശീലകരെയും ബെംഗളൂരുവിന് വിശ്വസിക്കേണ്ടിവരും. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്ത്യൻ പ്രതിഭകളെ നിങ്ങൾക്ക് അവഗണിക്കാനാവില്ല. CSK, MI, KKR എന്നിവ ഇന്ത്യൻ കളിക്കാരുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. ചെന്നൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബെംഗളൂരുവിന്റെ മുന്നേറ്റം ആരാധകര്‍ക്കൊപ്പം താരങ്ങളും വലിയരീതിയില്‍ ആഘോഷിച്ചിരുന്നു.

ഇതിന് പിന്നാലെ സിഎസ്കെ അവരുടെ ഒരു ഐപിഎല്‍ ട്രോഫി ആര്‍സിബിക്ക് കൊടുക്കണമെന്നും അവര്‍ അതുമെടുത്ത് ആഘോഷിക്കട്ടെയെന്നും റായുഡു പരിഹസിച്ചിരുന്നു.അതേസമയം മെയ് 24ന് ക്വാളിഫയർ 2ൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

Rate this post