‘എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, പക്ഷേ എല്ലാം നഷ്ടപ്പെട്ടു’ : ബംഗ്ലാദേശ് ക്യാപ്റ്റനെതിരെ കടുത്ത വിമർശനവുമായി ആഞ്ചലോ മാത്യൂസ് |Angelo Mathews

ഇന്നലെ നടന്ന ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഔട്ടാകുന്ന ആദ്യ ബാറ്ററായി ആഞ്ചലോ മാത്യൂസ് മാറിയിരുന്നു.മാത്യൂസ് പന്ത് നേരിടുംമുന്‍പ് ഹെല്‍മറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് മാറ്റാൻ ആവശ്യപ്പെട്ടത്.പുതിയ ഹെല്‍മറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.

പിന്നാലെ അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയും ചെയ്തു. നിയമപ്രകാരം ക്രീസിലുള്ള ബാറ്റര്‍ ഔട്ടാകുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്താല്‍ പകരം വരുന്ന ബാറ്റര്‍ അടുത്ത മൂന്ന് മിനിറ്റിനകം പന്ത് നേരിട്ടിരിക്കണം. മാത്യൂസിന് മുന്‍പ് പുറത്തായ സദീര 3.49 നാണ് പുറത്തായത്. 3.54 നാണ് മാത്യൂസിനെതിരേ ടൈംഡ് ഔട്ട് വിളിച്ചത്. ഇത്രയും സമയം ഗ്രൗണ്ടിലുണ്ടായിരുന്നിട്ടും മാത്യൂസിന് ഒരു പന്ത് പോലും നേരിടാനായില്ല. മത്സരത്തിന് ശേഷം ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബിനെതിരെ ആഞ്ചലോ മാത്യൂസ് പൊട്ടിത്തെറിച്ചു.

“ഇത് ഷാക്കിബ് അൽ ഹസനും ബംഗ്ലാദേശിനും അപമാനകരമാണ്. അവർ അങ്ങനെ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. വെറും നാണക്കേട്. ഇന്ന് വരെ എനിക്ക് ഷാക്കിബിനോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു, പക്ഷേ എല്ലാം നഷ്ടപ്പെട്ടു. വീഡിയോ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്, അത് പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ ഷാക്കിബിന്റെ വിക്കറ്റ് വീഴിതിയത് മാത്യൂസ് ആയിരുന്നു.ഷാക്കിബിനെ കൈയിലെ സമയം കാണിച്ചാണ് മാത്യൂസ് യാത്രയയപ്പ് നല്‍കിയത്.

മത്സരശേഷം ബംഗ്ലാദേശ് താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ ശ്രീലങ്ക വിസമ്മതിച്ചു. തങ്ങളുടെ നിലപാടിന് പിന്നിലെ കാരണം മാത്യൂസ് വെളിപ്പെടുത്തി.ബംഗ്ലാദേശ് ആദ്യം ക്രിക്കറ്റിനെ ബഹുമാനിക്കുകയും പിന്നീട് ബഹുമാനം ആവശ്യപ്പെടുകയും വേണം. നമ്മളെല്ലാം ക്രിക്കറ്റിന്റെ അംബാസഡർമാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ 3 വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്.ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം 41.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഷാക്കിബ് അല്‍ ഹസ്സനും നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോയുമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പികള്‍.ഷാക്കിബ് 65 പന്തില്‍ 12 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സെടുത്തു. ഷാന്റോ 101 പന്തുകളില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെ 90 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. ശ്രീലങ്കയും ബംഗ്ലാദേശും ഇതിനോടകം ലോകകപ്പ് സെമി കാണാതെ പുറത്തായിരിക്കുകയാണ്.

Rate this post