അര്‍ജന്റീനന്‍ ടീം കളിക്കാനായി കേരളത്തിലെത്തുമെന്ന് കായികമന്ത്രി | Argentina

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി കൈരളിന്യൂസിനോട് പറഞ്ഞു.

അർജന്റീനയുടെ ഭാഗത്ത് നിന്നും മെയിൽ വന്നിട്ടുണ്ടെന്നും ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ താല്പര്യപെടുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. അര്ജന്റീന ഫുട്ബോൾ അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അര്ജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്ബോളിൻറെ വളർച്ചയിൽ വലിയ ഊർജമാവുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ച വാര്‍ത്ത രാജ്യത്തെ വിവിധ കോണുകളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അര്‍ജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അന്ന് കായിക മന്ത്രി പറഞ്ഞിരുന്നു.അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അമ്പാസഡറെ സന്ദര്‍ശിക്കുകയും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തിരുന്നു.

Rate this post