അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി |Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് ഈ സന്തോഷ വാർത്ത മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകുമെന്നും അദ്ദേഹം പറഞ്ഞു.അർജൻ്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു.

കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും അർജൻ്റീന താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അർജെന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചു. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.

Rate this post