‘തിരിച്ചടിച്ച് ഇംഗ്ലണ്ട്’ : മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ മൂന്നു വിക്കറ്റിന് കീഴടക്കി

ആവേശകരമായ മൂന്നാം ആഷസ് ടെസ്റ്റിൽ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട്. ഹെഡിംഗ്‌ലെയിലെ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്‌സ്-മാര്‍ക് വുഡ് എന്നിവരുടെ ഫിനിഷിംഗ് മികവിലും ഇംഗ്ലണ്ട് 3 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തുകയായിരുന്നു. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ സ്‌കോര്‍ 2-1 ആയി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ വിജയിച്ചിരുന്നെങ്കില്‍ ഓസീസിന് പരമ്പര നേടാനാകുമായിരുന്നു.

ഹാരി ബ്രൂക്കിന്റെ മികച്ച 75 റൺസും ടെയ്‌ലൻഡർ മാർക്ക് വുഡിന്റെയും ക്രിസ് വോക്‌സിന്റെയും ബാറ്റിങ്ങാണ് ഇംഗ്ലണ്ടി വിജയത്തിലെത്തിച്ചത്.വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്‌കോര്‍ 42-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് പുറത്തായി. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണപ്പോള്‍ ഇംഗ്ലണ്ട് പതറി. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്കിന്റെ ഉജ്ജ്വല പ്രകടനം ടീമിന് തുണയായി. 93 പന്തുകളില്‍ നിന്ന് 75 റണ്‍സാണ് ബ്രൂക്ക് നേടിയത്. വോക്‌സ് 47 പന്തില്‍ 32* ഉം, വുഡ് 8 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

മികച്ച ആൾറൗണ്ടർ പ്രകടനം കാഴ്ചവെച്ച മാർക്ക് വുഡാണ് കളിയിലെ താരം.അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയിൽ ആദ്യ രണ്ടിലും ആസ്ട്രേലിയക്കായിരുന്നു ജയം. ബർമിംഗ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ടു വിക്കറ്റിനും ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 43 റൺസിനായിരുന്നു ആസ്ട്രേലിയയുടെ ജയം. നാലാം ടെസ്റ്റ് ജൂലൈ 19 ന് മാഞ്ചസ്റ്ററിൽ നടക്കും.

Rate this post