ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് ആദ്യ ജയം , തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ശ്രീലങ്ക |World Cup 2023

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി ആദം സാംബ ബോളിങ്ങിൽ തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലീസ് തുടങ്ങിയവരുടെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്.

ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഓസ്ട്രേലിയയുടെ ഒരു ശക്തമായ തിരിച്ചുവരവ് കൂടിയാണ് ശ്രീലങ്കക്കെതിരെ കണ്ടത്. മറുവശത്ത് ശ്രീലങ്ക തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട് കൂടുതൽ നിരാശരായിരിക്കുകയാണ്.മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ശ്രീലങ്കയ്ക്ക് ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ ശ്രീലങ്കയ്ക്കായി നിസ്സംഗയും കുശാൽ പേരേരയും ചേർന്ന് 125 റൺസ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ പെരേര 87 പന്തുകളിൽ 12 ബൗണ്ടറികളടക്കം 78 റൺസാണ് നേടിയത്. നിസ്സംഗ 67 പന്തുകളിൽ 61 റൺസ് നേടി. എന്നാൽ ഇരുവരും കൂടാരം കയറിയതിനു ശേഷം ശ്രീലങ്ക തകരുന്നതാണ് കണ്ടത്. ശ്രീലങ്കൻ ബാറ്റിംഗ് ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു. വിക്കറ്റ് നഷ്ടമില്ലാതെ 125 എന്ന നിലയിൽ നിന്ന് 209 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. ഓസ്ട്രേലിയൻ ബോളിങ് നിരയിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ സാമ്പയാണ് മികവ് പുലർത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. വാർണറുടെയും സ്മിത്തിന്റെയും വിക്കറ്റ് തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക് നഷ്ടമായി. എന്നാൽ മിച്ചൻ മാർഷ് ഒരുവശത്ത് ക്രീസിലുച്ചത് ഓസ്ട്രേലിയക്ക് ആശ്വാസം പകർന്നു. മത്സരത്തിൽ മാർഷ് 52 റൺസാണ് നേടിയത്. ഒപ്പം നാലാമനായി ക്രീസിലെത്തിയ ലാബുഷൈനും(40) ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സംഭാവന നൽകുകയുണ്ടായി. ശേഷം വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസ് 59 പന്തുകളിൽ 58 റൺസുമായി ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി. അവസാന ഓവറുകളിൽ മാക്സ്വെൽ(31*) കൂടി കത്തിക്കയറിയതോടെ മത്സരത്തിൽ അനായാസം ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു.

Rate this post