അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് പരമ്പര സമനിലയിലാക്കി ഓസ്ട്രേലിയ | Australia | India

അഡ്‌ലെയ്ഡ് ടെസ്റ്റിൽ 10 വിക്കറ്റിന്റെ വമ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ . 19 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 3 ഓവറിൽ ലക്‌ഷ്യം മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 1 -1 ആയി.രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസിന്‌ ഓൾ ഔട്ടായി. ഓസീസിന് വേണ്ടി കമ്മിൻസ് 5 വിക്കറ്റ് സ്വന്തമാക്കി. സ്റ്റാർക്ക് 2 ഉം ബോലാൻഡ്‌ 3 വിക്കറ്റും വീഴ്ത്തി . ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ 42 റൺസ് നേടി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി.

31 പന്തിൽ നിന്നും 28 റൺസ് നേടിയ പന്തിനെ സ്റ്റാർക്ക് പുറത്താക്കി. സ്കോർ 148 ആയപ്പോൾ 7 റൺസ് നേടിയ അശ്വിനെ കമ്മിൻസ് പുറത്താക്കി. യുവ താരം നിതീഷ് ഒരു വശത്ത് പിടിച്ചു നിന്നതോടെ സ്കോർ 150 കടന്നു.സ്കോർ 153 ആയപ്പോൾ ഇന്ത്യക്ക് എട്ടാം വിക്കറ്റ് നഷ്ടമായി . റാണയെ കമ്മിൻസ് പൂജ്യത്തിന് പുറത്താക്കി. ബോളണ്ടിനെ ബൗണ്ടറി അടിച്ച് നിതീഷ് ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചു. പിന്നാലെ 42 റൺസ് നേടിയ നിതീഷ് റെഡ്ഢിയെ കമ്മിൻസ് പുറത്താക്കി. സ്കോർ 170 ലെത്തിയപ്പോൾ അവസാന വിക്കറ്റായി സിറാജ് പുറത്തായി.

157 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡിൽ 12 റൺസ് ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ രാഹുലിനെ കമ്മിൻസ് പുറത്താക്കി. ഗില്ലും ജൈസ്വാളും ആക്രമിച്ചു കളിച്ചെങ്കിലും 42 റൺസ് ആയപ്പോൾ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തിൽ നിന്നും 24 റൺസ് നേടിയ ജെയ്‌സ്വാളിനെ സ്കോട്ട് ബോലാൻഡ് പുറത്താക്കി. സ്കോർ 66 ലെത്തിയപ്പോൾ ഇന്ത്യക്ക് വിരാട് കോലിയെ നഷ്ടമായി.

11 റൺസെടുത്ത കോലിയെ സ്കോട്ട് ബോലാൻഡ് പുറത്താക്കി. പിന്നാലെ നന്നായി ബാറ്റ് ചെയ്ത ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 30 പന്തിൽ നിന്നും 28 റൺസ് നേടിയ ഗില്ലിനെ സ്റ്റാർക്ക് ക്ലീൻ ബൗൾഡ് ചെയ്തു.രോഹിത് ശർമ്മയെ വിക്കറ്റിന് മുന്നിൽ സ്റ്റാർക്ക് കുടുക്കിയെങ്കിലും അമ്പയർ നോ ബോൾ വിളിച്ചു. തുടർച്ചയായ ബൗണ്ടറികളോടെ പന്ത് ഇന്ത്യൻ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 105 ആയപ്പോൾ 6 റൺസ് നേടിയ രോഹിത് ശർമയെ കമ്മിൻസ് ക്ലീൻ ബൗൾഡ് ചെയ്തു.

ആദ്യ ഇന്നിങ്സിൽ ഓസീസ് 337 റൺസിന്‌ പുറത്തായി . സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ മിന്നുന്ന പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ നേടിക്കൊടുത്തത്.141 പന്തിൽ നിന്നും 17 ബൗണ്ടറിയും 4 സിക്‌സും അടക്കം 140 റൺസാണ് ഹെഡ് നേടിയത്. മാർനസ് ലാബുഷാഗ്നെ 64 റൺസ് നേടി ഹെഡിന് മികച്ച പിന്തുണ നൽകി.ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ സിറാജ് എന്നിവർ 4 വിക്കറ്റ് വിക്കറ്റ് നേടി .ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 180 റൺസാണ് നേടിയത്.

Rate this post