അവസാന ഏകദിനത്തിൽ ഓസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി ഇന്ത്യ|IND v AUS

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 66 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

ഓസ്ട്രേലിയക്കായി മിച്ചർ മാർഷ് ആയിരുന്നു ബാറ്റിംഗിൽ തിളങ്ങിയത്. ബോളിംഗിൽ മാക്സ്വെൽ മികവുപുലർത്തി. എന്നിരുന്നാലും ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടതിനാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. വാർണറും മിച്ചൽ മാർഷും മത്സരത്തിന്റെ ആദ്യ സമയത്ത് തന്നെ ഇന്ത്യൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു.

വാർണർ മത്സരത്തിൽ 34 പന്തുകളിൽ 56 റൺസാണ് നേടിയത്. എന്നാൽ വാർണർ പുറത്തായ ശേഷവും മിച്ചൽ മാർഷ് ആക്രമണം അഴിച്ചുവിടുകയുണ്ടായി. മത്സരത്തിൽ 84 പന്തുകളിൽ 13 ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 96 റൺസാണ് മാർഷ് നേടിയത്. ശേഷം മൂന്നാമതായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് 74 റൺസും ലബുഷൈൻ 72 റൺസും നേടിയതോടെ ഓസ്ട്രേലിയ വമ്പൻ സ്കോറിലെത്തി. എന്നിരുന്നാലും അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരമാണ് ഇന്ത്യൻ ബോളർമാർ നടത്തിയത്. തങ്ങളുടെ ഇന്നിംഗ്സിൽ നിശ്ചിത 50 ഓവറുകളിൽ 352 റൺസാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമ നൽകിയത്. ആദ്യ ഓവറുകളിൽ ഓസ്ട്രേലിയൻ ബോളിങ്ങിനെ ശക്തമായി നേരിടാൻ രോഹിത്തിന് സാധിച്ചു. 57 പന്തുകളിൽ 81 റൺസാണ് രോഹിത് നേടിയത്. ശേഷം കോഹ്ലിയും ക്രീസിൽ ഉറച്ചതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ വർദ്ധിച്ചു. 56 റൺസ് നേടിയ കോഹ്ലിയെ മാക്സ്വെൽ പുറത്താക്കുകയായിരുന്നു.

കൃത്യമായി ഇടവേളകളിൽ മാക്സ്‌വെൽ ഇന്ത്യയുടെ വിക്കറ്റുകൾ വീഴ്ത്തിയത് ഇന്ത്യയെ ബാധിച്ചു. ശ്രേയസ് അയ്യര്‍(48) അടക്കമുള്ളവർ ക്രീസിലുറച്ചെങ്കിലും മാക്സ്വെല്ലിന്റെ സ്പിന്നിന് മുമ്പിൽ അടിയറവ് പറഞ്ഞു. ഇതോടെ ഇന്ത്യയുടെ മധ്യനിര തകർന്നു വീഴുകയായിരുന്നു. മത്സരത്തിന്റെ 66 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്.

Rate this post