ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ | ICC Champions Trophy
ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 265 റൺസ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ഓൾ ഔട്ടായി . 73 റൺസ് നേടിയ നായകൻ സ്റ്റീവ് സ്മിത്ത് ആണ് ഓസീസിന്റെ ടോപ് സ്‌കോറർ. അലക്സ് കാരി 61 റൺസും ട്രാവിസ് ഹെഡ് 39 റൺസ് നേടി,. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നു വിക്കറ്റും ജഡേജ വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
ദുബായിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്.ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്. ഓസീസ് ഓപ്പണർമാർ ആദ്യ ഓവറുകളിൽ റൺസ് നേടാൻ പാടുപെട്ടു.മൂന്നാം ഓവറിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കൂപ്പര്‍ കൊണോലിയെ (0) ഷമി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹെഡ് – സ്റ്റീവന്‍ സ്മിത്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുതോന്നി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂമായെത്തി. ലോംഗ് ഓഫില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം 56 റണ്‍സ് ചേര്‍ത്ത് ഓസീസിനെ മികച്ച നിലയിലെത്തിച്ചു. 23 ആം ഓവറിൽ സ്കോർ 110 ൽ വെച്ച് ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 29 റണ്‍സെടുത്താണ് താരം പുറത്തായത്.
68 പന്തിൽ നിന്നും ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് തന്റെ 35-ാം ഏകദിന അർദ്ധശതകം പൂർത്തിയാക്കി . പിന്നാലെ 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഇംഗ്ലിസിനെയും ജഡേജയാണ് മടക്കിയത്. സ്കോർ 198 ൽവെച്ച് ഓസ്‌ട്രേലിയക്ക് നായകൻ സ്റ്റീവ് സ്മിത്തിനെ നഷ്ടമായി.96 പന്തിൽ നിന്നും 73 റൺസ് നേടിയ സ്മിത്തിനെ ഷമി പുറത്താക്കി. സ്കോർ 200 കടന്നതിനു പിന്നാലെ 7 റൺസ് നേടിയ മാക്സ് വെല്ലിനെ അക്‌സർ പട്ടേൽ പുറത്താക്കി. 43 ആം ഓവറിൽ സ്കോർ 220 ആയപ്പോൾ ളക്‌സ് കാരി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 48 പന്തിൽ നിന്നും 7 ബൗണ്ടറിയും ഒരു സിക്‌സും അടക്കമാണ് ഇടംകൈയൻ ഫിഫ്റ്റി പൂർത്തിയാക്കിയത്.

സ്കോർ 239 ആയപ്പോൾ ഓസീസിന് ഏഴാം വിക്കറ്റ് നഷ്ടമായി . 29 പന്തിൽ നിന്നും 19 റൺസ് നേടിയ ബെൻ ദ്വാർഷുയിസിനെ വരുൺ ചക്രവർത്തി പുറത്താക്കി.10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഓസീസിന് അലക്സ് കാരിയെ നഷ്ടമായി.57 പന്തിൽ നിന്നും 61 റൺസ് നേടിയ താരത്തെ ശ്രേയസ് അയ്യർ റൺ ഔട്ടാക്കി. പിന്നാലെ ഓസീസ് സ്കോർ 250 കടന്നു. 49 ആം ഓവറിലെ അവസാന പന്തിൽ 10 റൺസ് നേടിയ നാഥൻ എല്ലിസിനെ പുറത്താക്കി.