ഏഷ്യൻ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ

ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ശ്രീലങ്കയിൽ നടക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിൽ പങ്കെടുക്കാൻ ഡർബനിലെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചെയർമാൻ അരുൺ സിംഗ് ധുമൽ സ്ഥിരീകരിച്ചു.

2023-ലെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു മുമ്പ് തീരുമാനിച്ചത് പോലെ മത്സരങ്ങൾ ഒരു ഹൈബ്രിഡ് മോഡലിൽ കളിക്കും.ഏഷ്യാ കപ്പ് ഷെഡ്യൂൾ പൂർത്തിയാക്കാൻ ഷാ പിസിബി പ്രതിനിധി തലവൻ സക്ക അഷ്‌റഫിനെ കണ്ടതായി ഐപിഎൽ ചെയർമാൻ സ്ഥിരീകരിച്ചു.”ഞങ്ങളുടെ സെക്രട്ടറി പിസിബി തലവൻ സക്ക അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തി, ഏഷ്യാ കപ്പ് ഷെഡ്യൂൾ അന്തിമമായി, അത് നേരത്തെ ചർച്ച ചെയ്തതുപോലെ നടക്കുന്നു. പാകിസ്ഥാനിൽ ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങൾ നടക്കും, തുടർന്ന് ഇന്ത്യയും പാകിസ്ഥാൻ മത്സരവും ഉൾപ്പെടെ ശ്രീലങ്കയിൽ 9 മത്സരങ്ങൾ നടക്കും” ധുമൽ പറഞ്ഞു.

ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിന് പുറമെ പാക് സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരമൊരു തീരുമാനം ഇല്ലെന്നും ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറ‌ഞ്ഞു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായി ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, നേപ്പാളുമായുള്ള പാക്കിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരവും, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കെതിരായ ശ്രീലങ്കയുടെ മത്സരങ്ങളും, ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരവും പാകിസ്ഥാനിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനൽ ഉൾപ്പെടെയുള്ളവ ശ്രീലങ്കയിൽ  കളിക്കും.ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17വരെയാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം ഈ വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് കരുതുന്നത്.

Rate this post