ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ് , മഴമേഘങ്ങൾ ഇന്ത്യയെ രക്ഷിച്ചില്ല | India | New Zealand
ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ്.അവസാന ദിനം 107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ക്ഷമയോടെ കളിച്ച് വിജയം നേടുകയായിരുന്നു. അഞ്ചാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ബുംറ ലാതത്തെ പുറത്താക്കിയെങ്കിലും കിവീസ് ബാറ്റർമാർ ക്ഷമയോടെ പിടിച്ചു നിന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഇല്ലാതാക്കി. കിവീസിനായി യങ് 48 റൺസും രചിൻ 39 റൺസും നേടി. ഇന്ത്യക്കായി ബുമ്രയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.
107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് ആദ്യ ഓവറിലെ അവസാന പന്തിൽ പൂജ്യത്തിനു ടോം ലാതത്തെ നഷ്ടമായി. കിവീസ് നായകനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. എന്നാൽ ക്ഷമയോടെ ഇന്ത്യൻ ബൗളർമാരെ നേരിട്ട കോൺവേയും യങ്ങും പതിയ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു.
എന്നാൽ സ്കോർ 35 ആയപ്പോൾ കിവീസിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 17 റൺസ് നേടിയ കോൺവെയെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകി. മൂന്നാമനായി ക്രീസിലെത്തിയ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറി വീരൻ രചിൻ രവീന്ദ്ര ബുംറയെ രണ്ടു ബൗണ്ടറികൾ അടിച്ച് സമ്മർദം കുറച്ചു.ജഡേജയെ തുടർച്ചയായ ബൗണ്ടറികൾ പായിച്ച് യങ് കിവീസ് സ്കോർ 50 കടത്തി. യങ്ങും രവീന്ദ്രയും ചേർന്ന് കിവീസിനെ വിജയത്തിലെത്തിച്ചു.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ട കിവീസ് 402 റണ്‍സ് അടിച്ചിരുന്നു. ഇതോടെ 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. രണ്ടാം ഇന്നിങ്സില്‍ സര്‍ഫറാസ് ഖാന് സെഞ്ചുറി നേടുകയും (150), രോഹിത് ശര്‍മ (52), വിരാട് കോലി (70), റിഷഭ് പന്ത് (99) എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തുകയും ചെയ്തതോടെ 462 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്ക്കായി.
107 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ കിവീസിന് മുന്നിൽ വെച്ചത്.മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം കളി നിര്‍ത്തിയതിനാല്‍ രോഹിത് ശർമയും വിരാട് കോലിയും അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഇന്ന് കുറച്ച് ഓവർ എറിഞ്ഞ് ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്താനായിരുന്നു ഇന്ത്യയുടെ ആഗ്രഹം. എന്നാൽ കാലാവസ്ഥ കാരണം പദ്ധതി വിജയിക്കാനായില്ല.