ടി 20 ലോകചാമ്പ്യന്മാർക്ക് ഇന്ത്യയിൽ വൻ സ്വീകരണം | Indian Cricket

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ ആവേശത്തിലാണ്.17 വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീം ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ചപ്പോൾ ഇന്ത്യ മുഴുവൻ അത് ആഘോഷമാക്കി മാറ്റുകയാണ്. കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ഇന്ത്യയിലേക്കുള്ള യാത്ര ബാർബഡോസിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞുവീശിയ ചുഴലികാറ്റ് കാരണം മുടങ്ങിയിരുന്നു.

കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡൽഹിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ സ്വീകരണമൊരുക്കി ആരാധകര്‍. ഇന്ന് രാവിലെയോടെയാണ് താരങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ബാർബഡോസിൽ നിന്നുളള പ്രത്യേക വിമാനത്തിലായിരുന്നു രോഹിത് ശർമയുടെയും സംഘത്തിന്‍റെയും നാട്ടിലേക്കുള്ള യാത്ര. വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു.

വിമാനത്താവളത്തിന് പുറത്ത് ടീമിനായി മണിക്കൂറുകളോളം അക്ഷമരായി തന്നെ ആരാധകര്‍ കാത്തുനിന്നു. വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയ ടീമിനെ ഹര്‍ഷാരവങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്.വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലെത്തിയ ടീമംഗങ്ങള്‍ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് അകത്തേക്ക് പോയത്.ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവ് ഭാംഗ്ര താളത്തിനൊപ്പം നൃത്തം വെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, യശസ്വി ജയ്‌സ്‌വാള്‍ എന്നിവരും നൃത്തം ചെയ്യുന്നുണ്ട്.ശനിയാഴ്ച കഴിഞ്ഞ ഫൈനൽ പോരിനു ശേഷം 5 ദിവസത്തോളമാണ് ടീം വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ തങ്ങിയത്. ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്നാണ് ടീമിന്റെ യാത്ര വൈകിയത്. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് ടീം തിരികെ നാട്ടിലെത്തിയത്.

Rate this post